സ്വന്തം ലേഖകൻ
കണ്ണൂർ: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റായി എ.പി. അബ്ദുള്ളക്കുട്ടി നിയമിതനായ വാർത്ത മാധ്യമങ്ങളിലൂടെ അറിയുമ്പോൾ അദ്ദേഹം ബിജെപി ജില്ലാ ആസ്ഥാനമായ കണ്ണൂർ മാരാർജി ഭവനിൽ പാർട്ടി യോഗത്തിലായിരുന്നു.
വിവരമറിഞ്ഞതോടെ യോഗം ആഘോഷകേന്ദ്രമായി. മധുരം പങ്കുവച്ച് നേതാക്കൾ ആഘോഷത്തിൽ പങ്കുചേർന്നു.
കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയുടെ വളർച്ച ശരവേഗത്തിലായിരുന്നു.
ബിജെപിയിൽ മെംബർഷിപ്പ് ലഭിച്ചശേഷം രണ്ടു മാസം തികയും മുമ്പേ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. പി.എസ്. ശ്രീധരൻപിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴാണ് അബ്ദുള്ളക്കുട്ടിയെ വൈസ് പ്രസിഡന്റാക്കിയത്.
പിന്നീട് കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി വന്നപ്പോഴും അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകരുടെ പോലും കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് അഖിലേന്ത്യാ ഉപാധ്യക്ഷനായി നിയമിച്ചിരിക്കുകയാണ്.
ഇനി പ്രവർത്തനമേഖല ഡൽഹി കേന്ദ്രീകരിച്ചായിരിക്കും. മുസ്ലിം സമുദായക്കാരനാണെന്ന പരിഗണനയും രണ്ടുതവണ കണ്ണൂരിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനപാരമ്പര്യവും അബ്ദുള്ളക്കുട്ടിക്ക് തുണയായി. ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാനുള്ള കഴിവും പരിഗണിച്ചു.
സിപിഎം സ്ഥാനാർഥിയായി കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് 1999-ലും 2004-ലും മത്സരിച്ചു ജയിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി അഭിഭാഷകനും മികച്ച പ്രസംഗകനുമാണ്.
സിപിഎമ്മിന്റെ ലോക്സഭാംഗമായിരിക്കെ പാർട്ടി നയത്തിനെതിരേ സംസാരിച്ചതിന്റെ പേരിൽ 2009-ൽ സിപിഎമ്മിൽനിന്നു പുറത്താക്കി.
പിന്നീട് കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു.
കെ.സുധാകരന്റെ സന്തതസഹചാരിയായതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിക്ക് നിയമസഭയിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചത്. ഇതു കോൺഗ്രസിൽ വലിയ കലഹങ്ങൾക്ക് വഴിവച്ചിരുന്നു.
പിന്നീട് കാര്യമായ പരിഗണന പാർട്ടിയിൽ ലഭിക്കാതെവന്നപ്പോൾ നേതൃത്വവുമായി അകലുകയായിരുന്നു.
കോൺഗ്രസിലേക്ക് കൈപിടിച്ചുയർത്തിയ കെ.സുധാകരനുമായി രൂക്ഷമായ അഭിപ്രായവ്യത്യാസം ഉടലെടുത്തതോടെ പാർട്ടിയിൽ കാര്യമായ സ്വാധീനമില്ലാതായി.
ഇതിനിടയിൽ കോൺഗ്രസിൽ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് നിരന്തരം പ്രസ്താവനകൾ ഇറക്കിയതോടെ കോൺഗ്രസിലും അനഭിമതനായി.
കോൺഗ്രസ് നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പ്രതികരിക്കാത്തതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡൽഹിയിലെത്തി നേരിട്ടു കണ്ട് മനസ് തുറന്നു.
പാർട്ടിയിൽ ചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടിതന്നെ വ്യക്തമാക്കുകയും ചെയ്തു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിജെപിയിൽ ചേരുന്നത്.