കണ്ണൂർ: കോവിഡ് യുദ്ധത്തിലെ മുന്നണിപ്പോരാളികൾ എന്നാണ് ആരോഗ്യപ്രവർത്തകരെ കോവിഡിന്റെ തുടക്കത്തിൽ വിശേഷിപ്പിച്ചിരുന്നത്.
കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തശേഷം ക്വാറന്റൈൻ കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചെത്തുന്നവരെ പുഷ്പവൃഷ്ടി നടത്തിയാണ് പലയിടങ്ങളിലും സ്വീകരിച്ചിരുന്നത്.
ഡ്യൂട്ടി കഴിഞ്ഞ ആരോഗ്യപ്രവർത്തകർക്ക് സ്റ്റാർ ഹോട്ടലുകളിലടക്കം മികച്ച ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇപ്പോൾ മാലാഖമാരുടെ അവസ്ഥകൾ മാറി.
തുടക്കത്തിൽ ഇങ്ങനെ
കോവിഡിന്റെ തുടക്കത്തിൽ കോവിഡ്ണ വാർഡുകളിൽ 14 ദിവസം ജോലിചെയ്താൽ 14 ദിവസം ക്വാറന്റൈൻ ആയിരുന്നു ആരോഗ്യപ്രവർത്തകർക്ക്.
തുടർന്ന് ഹോട്ടലുകളിലോ അപ്പാർട്ട്മെന്റുകളിലോ ആയിരുന്നു താമസം. ഭക്ഷണമടക്കം ഇവിടെ ആരോഗ്യപ്രവർത്തകർക്ക് ലഭ്യമായിരുന്നു.
ഇപ്പോൾ ഇങ്ങനെ
എന്നാൽ, ആരോഗ്യപെരുമാറ്റച്ചട്ടങ്ങൾ മാറി. ഡ്യൂട്ടി സമയം 14-ൽ നിന്ന് പത്തായി ചുരുങ്ങി. അതുകഴിഞ്ഞ് ഏഴു ദിവസമാണ് ക്വാറന്റൈൻ. അതിന് സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. സ്വന്തം വീട്ടിൽ തന്നെയാണ് ക്വാറന്റൈൻ.
അതിനാൽ ജോലി കഴിഞ്ഞ് ആരോഗ്യപ്രവർത്തക ക്വാറന്റൈനിൽ വീട്ടിലേക്ക് വരുന്പോൾ വീട്ടിലുള്ളവർ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
സ്ത്രീകളായ ആരോഗ്യപ്രവർത്തകർക്ക് ഇതു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പിപിഇ കിറ്റ് ധരിച്ചു ജോലിചെയ്താൽ വൈറസ് പിടികൂടില്ലെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. അതാണ് ക്വാറന്റൈൻ കാലാവധി ഏഴുദിവസമായി ചുരുക്കിയത്.
കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് രണ്ടുതരം നീതിയോ…
സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജിലും കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ അവസ്ഥയാണ് മുകളിൽ പറഞ്ഞത്. എന്നാൽ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അവസ്ഥ ശോചനീയമാണ്.
പത്തുദിവസം തുടർച്ചയായി ഡ്യൂട്ടിയിൽ കയറിയാൽ ക്വാറന്റൈൻ ഏഴുദിവസം ചെയ്യുന്പോൾ ചില ആശുപത്രികൾ നഴ്സുമാരുടെ ഓഫും ലീവുമായി ഇതിനെ കണക്കാക്കും.
താമസസൗകര്യം നൽകുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാൻ ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തുപോകേണ്ട അവസ്ഥ. സ്രവ പരിശോധനയ്ക്കെത്തുന്നവരുടെ സാന്പിൾ ശേഖരിക്കാൻ ലാബ് ടെക്നീഷ്യൻമാരെയാണ് സാധാരണയായി നിയോഗിക്കുന്നത്.
എന്നാൽ, ചില ആശുപത്രികൾ യാതൊരു കരുതലുമില്ലാതെ സ്രവമെടുക്കാൻ നഴ്സുമാരെയും നിയമിക്കുന്നുണ്ട്. കോവിഡ് വാർഡിൽ ഡ്യൂട്ടിയിലുള്ളവരെ മറ്റു വാർഡുകളിലും ഡ്യൂട്ടിയിൽ നിയമിക്കുകയും ചെയ്യുന്നുണ്ട്.
കൂടുതൽ സമയം ഡ്യൂട്ടിയും നൽകി നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുന്നതായും ആരോപണമുണ്ട്.
ആരോഗ്യപ്രവർത്തകർക്ക്രോ ഗവ്യാപനം കൂടുന്നു
ജില്ലയിൽ പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്നവരല്ല രോഗികളാകുന്നവരിലേറെയും. ഇവരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ആശുപത്രിയിലേക്ക് ഒരു രോഗി കടന്നുവരുന്പോൾ പോസിറ്റീവാണോ നെഗറ്റീവാണോയെന്നു നോക്കിയിട്ടല്ല ചികിത്സിക്കുന്നത്. അതിനാൽ എല്ലാ ആശുപത്രികളിലും ടെസ്റ്റിംഗ് സംവിധാനം വേണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
ലഭിക്കുന്ന തുച്ഛമായ ശന്പളത്തിൽനിന്ന് മാസ്കും പിപിഇ കിറ്റും സ്വന്തം ചെലവിൽ വാങ്ങി ഡ്യൂട്ടിക്ക് ഉപയോഗിക്കേണ്ട അവസ്ഥയാണ് ചില സ്വകാര്യ ആശുപത്രികളിൽ.
മതിയായ സുരക്ഷാസംവിധാനം ആരോഗ്യപ്രവർത്തകർക്ക് ഒരുക്കിയില്ലെങ്കിൽ രോഗികൾ മാത്രമായിരിക്കും ആശുപത്രിയിൽ ഉണ്ടാകുക.
അതിനാൽ, ആരോഗ്യപ്രവർത്തകർക്കും വേണ്ടേ ഒരു കരുതൽ. കാരണം അവരെ കാത്തിരിക്കുന്ന ഒരു കുടുംബം പുറത്തുണ്ടെന്ന് അധികൃതർ മനസിലാക്കിയാൽ നല്ലത്.