നീലേശ്വരം: പ്രാദേശിക ഗാനമേള വേദികളില്‍ എസ്പിബി സ്പെഷലിസ്റ്റായി അറിയപ്പെട്ടിരുന്ന ഗായകനാണ് കരിന്തളം കോളംകുളത്തെ ഡെനീഷ് കുര്യന്.
ശബ്ദത്തിലും ഭാവത്തിലും എസ്.പി. ബാലസുബ്രഹ്മണ്യത്തെ പിന്തുടര്ന്ന് വികാരമുള്‍ക്കൊണ്ട് പാടുമ്പോള്‍ നിറഞ്ഞ കൈയടികളോടെയാണ് ഓരോ ഗാനത്തേയും ആരാധകര്‍ സ്വീകരിച്ചിരുന്നത്.
കോവിഡിന്റെ കെട്ടകാലത്ത് എസ്പിബി രോഗശയ്യയിലായപ്പോള്‍ ഡെനീഷ് ആരാധനാമൂര്‍ത്തിയായ ഗായകന്റെ രോഗശാന്തിക്കായി ശങ്കരാഭരണത്തിലെ ‘ശങ്കരാ നാദശരീരാപരാ’ എന്ന കീര്‍ത്തനം അതേ ഭാവത്തില്‍ ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വ്യാപക പ്രചാരം നേടിയിരുന്നു.
കോവിഡില്‍ നിന്ന് എസ്പിബി രോഗമുക്തി നേടിയതിന്റെ വാര്‍ത്തകള്‍ക്കൊപ്പം ഡെനീഷിന്റെ ഗാനവും സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ പ്രതീക്ഷകളെ അല്പായുസാക്കി പ്രിയഗായകന് വിടവാങ്ങിയത് ഡെനീഷിനും തീരാവേദനയായി.
ദൈവതുല്യനായി കാണുന്ന പ്രിയഗായകനെ ഒരിക്കല്‍ പോലും നേരിട്ടുകാണാനായില്ലെങ്കിലും അദ്ദേഹത്തോടുള്ള തീരാത്ത ആരാധനയും വേര്‍പാടിന്റെ ദു:ഖവും ഈണങ്ങളില്‍ ചാലിച്ച് ഗാനാര്‍ച്ചന നടത്തുകയാണ് ഇപ്പോള്‍ ഡെനീഷ്.
എസ്പിബിയെ നേരിട്ടുകാണാനുള്ള അവസരമുണ്ടാക്കിത്തരാമെന്ന് സഹപ്രവര്‍ത്തകനായ ഒരു ഗായകന് ഉറപ്പുതന്നതായിരുന്നു. പക്ഷേ കോവിഡ് കാലം വന്നതോടെ എല്ലാം കൈവിട്ടുപോയി.
എസ്പിബിയെ പോലെതന്നെ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെ എന്‍ജിനീയറിംഗ് മേഖലയില്‍ നിന്നാണ് ഡെനീഷും സംഗീതമേഖലയിലേക്കു വന്നതെന്ന സാമ്യവുമുണ്ട്.
ഐടിഐ മെക്കാനിക് ട്രേഡ് കഴിഞ്ഞ ഡെനീഷിന് സംഗീതത്തോടുള്ള അഭിനിവേശം എന്നും ഉള്ളിലലിഞ്ഞതായിരുന്നു.
സ്കൂള്‍ പഠനകാലത്ത് നാട്ടിലെ സംഗീതാധ്യാപകരില്‍ നിന്നും അല്പസ്വല്പം അഭ്യസിച്ചിരുന്നു. കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍ അത് തുടര്‍ന്നുകൊണ്ടുപോകാനായില്ല.
ന്യൂ വോയ്സ്, ടാലന്റ് മ്യൂസിക്, ചൈത്രവാഹിനി കലാക്ഷേത്രം എന്നീ ട്രൂപ്പുകള്ക്കൊപ്പമാണ് ഗാനമേളകളില്‍ പങ്കെടുത്തത്. മറ്റു സമയങ്ങളില്‍ കോളംകുളത്തുതന്നെ ഓട്ടോ ഡ്രൈവറായും ജോലിചെയ്യുന്നു.
കലാപ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണയുമായി ഭാര്യ സന്ധ്യയും മക്കളായ അമലും അമയയും ഒപ്പമുണ്ട്.
ഭൂമിയും വാനവും കടന്ന് എസ്പിബി മടങ്ങുമ്പോഴും അദ്ദേഹം ഇവിടെ അവശേഷിപ്പിച്ച സംഗീതം വരാനിരിക്കുന്ന തലമുറകള്‍ക്കുപോലും അമൃതധാരയായി നിലനില്ക്കും.
അതിനൊപ്പം ഒരു കണികയായെങ്കിലും ഭാഗഭാക്കാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം തന്നെ മതിയാകും തനിക്ക് മുന്നോട്ടുപോകാനെന്ന് ഡെനീഷ് പറയുന്നു.