നടി, പിന്നണിഗായിക, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് രമ്യ നന്പീശൻ.
സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി രമ്യ ഒരുക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്യചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ഇപ്പോൾ ഈ ഹ്രസ്വചിത്രത്തെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും തുറന്നു പറയുകയാണ് രമ്യ.
നോ എന്ന വാക്കിന് ഒരു അർഥമേയുള്ളു. നോ. പെണ്‍കുട്ടികൾ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്. എന്റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്.
സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു. എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്.
നമ്മൾ പ്രതികരിക്കുന്പോൾ പലർക്കും നീരസം ഉണ്ടാകും. എത്ര കോടി തന്നാലും ഫെയർനെസ് ക്രീമിന്റെ പരസ്യം ചെയ്യില്ല. പത്ത് വർഷം മുൻപ് ചിന്തിച്ചത് പോലെയല്ല ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.
പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു. നേരത്തെ ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
എന്നാൽ ഇനി എത്ര കോടി തരാമെന്ന് പറഞ്ഞാലും ഞാൻ അത് ചെയ്യില്ല. അത് ഒരു തരത്തിൽ ജനങ്ങൾക്കിടയിൽ ഈഗോ വളർത്തുന്ന തരത്തിലുള്ള പരസ്യമാണ്.
വളരെ പെട്ടെന്നാണ് എനിക്ക് അണ്‍ഹൈഡിന്റെ തീം മനസിലേക്ക് വന്നത്. അപ്പോൾ തന്നെ ഇത് ചെയ്യണമെന്ന് തോന്നി. വെറും രണ്ട് ദിവസം കൊണ്ട് ചെയ്ത് തീർത്ത ഷോർട്ട് ഫിലിമാണ് അത്.
സ്കൂൾ ടൈം മുതലേ പെണ്‍കുട്ടിയാണെന്നും അങ്ങനെ ചെയ്യരുതെന്നും, ഇങ്ങനെ ചെയ്യരുതെന്നും പൊതുവേ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഒരു റേപ്പ് കേസ് ഉണ്ടായാൽ ആ കുട്ടി എന്തിന് അസമയത്ത് അവിടെ പോയെന്നുള്ള ചോദ്യങ്ങളായിരിക്കും കൂടുതൽ കേൾക്കുക- രമ്യ പറയുന്നു.