സ്വന്തം ലേഖകന്‍
കോഴിക്കോട്: കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ കണ്ണുതള്ളിച്ച് ബിജെപിയുടെ കേരളത്തിലെ ദേശീയമുഖമായി എ.പി. അബ്ദുള്ളക്കുട്ടി എത്തുമ്പോള്‍ പുകയുന്നത് കടുത്ത അതൃപ്തി.
സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലേക്കും അവിടെ നിന്നു ബിജെപിയിലേക്കും ചേക്കേറിയ അബ്ദുള്ളക്കുട്ടി ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി എത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തെ ഇരുട്ടില്‍ നിര്‍ത്തി കേന്ദ്രം തീരുമാനമെടുത്തുവെന്ന ആക്ഷേപമാണ് സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരുടെ വികാരം.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത്ഷായുമായും വളരെ അടുത്തബന്ധം പുലര്‍ത്തുന്ന അബ്ദുള്ളക്കുട്ടിയെ പരസ്യമായി എതിര്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ മുതിരില്ല.
തീരുമാനത്തിൽ നേതാക്കൾ അസംതൃപ്തർ
വര്‍ഷങ്ങളായി സമരമുഖത്തും തെരഞ്ഞെടുപ്പ് ഗോദയിലും ബിജെപിക്ക് വേണ്ടി ആഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ നേതാക്കളും പുതിയ തീരുമാനത്തില്‍ അസംതൃപ്തരാണ്.
കുമ്മനം രാജശേഖരനെ തഴഞ്ഞു എന്നു പറയുമ്പോള്‍ തന്നെ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് എത്തിയ ആളാണ് അദ്ദേഹമെന്നും സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് വേണ്ടെന്നും അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് എന്ത് സ്ഥാനമാണ് കേന്ദ്രനേതൃത്വം നല്കാന് പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നാണ് നേതാക്കളുടെ പ്രതികരണം.
ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളോ?
ഒ.രാജഗോപാലിന് ശേഷം ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലെത്തുന്ന മലയാളി എന്ന നേട്ടമാണ് അബ്ദുള്ളക്കുട്ടിയെ തേടിയെത്തിയത്. അബ്ദുളളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് എത്തിച്ചതിന് ബിജെപിക്ക് പല കാരണങ്ങളുമുണ്ട്.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ ആണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്.അതില്‍ ഊന്നിയുള്ള പ്രചരണങ്ങളാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ മറ്റുനേതാക്കള്‍ ഒന്നടങ്കം പരിശ്രമിച്ചാലും ന്യൂനപക്ഷവോട്ടുകളില്‍ അല്പമെങ്കിലും ധ്രുവീകരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നില്ല.
അവസാന അടവായാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാന ലബ്ദിയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. മികച്ച പ്രാസംഗികന് കൂടിയായ അബ്ദുള്ളക്കുട്ടി പ്രചാരണ രംഗത്ത് മുതല്‍ക്കൂട്ടാകുമെന്നും കണക്കുകൂട്ടൂന്നു.
മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ പദവി സഹായിച്ചേക്കും.