ലക്നൗ: കൊടും കുറ്റവാളികളുടെ 35 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി യുപി പോലീസ്. ഇന്നലെ ഒറ്റ ദിവസം കൊണ്ടാണ് വിവിധ കേസുകളിലെ പ്രതികളുടെ സ്വത്ത് പോലീസ് കണ്ടുകെട്ടിയത്.
മുസാഫർ നഗറിലെ അധോലോക നേതാവ് ഇംലാഖിന്റെ മാത്രം 25 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വാരാണാസിയിലെ കള്ളക്കടത്ത് നേതാവ് ശിവങ്കരൻ എന്നയാളുടെ 4.88 കോടി രൂപയുടെ സ്വത്തും കണ്ടുകെട്ടി.
1 കോടി രൂപയുടെ വീട്…
അധോലോക നേതാവ് ഖാൻ മുബാറക്കിന്റെ വീട് യുപി സർക്കാർ പൊളിച്ചു. അംബേദ്കർ നഗർ ജില്ലയിൽ മുബാറക് നിർമ്മിച്ച ഒരു കോടി രൂപയുടെ രണ്ട് നില വീടാണ് സർക്കാർ പൊളിച്ച് നീക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച മുബാറകിന്റെ 1.40 കോടി രൂപ വിലവരുന്ന 20 കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീട് പൊളിച്ചത്.
അന്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയാണ് മുബാറക്. ഗാംങ്സ്റ്റർ നിയമം ചുമത്തി മുബാറകിനെതിരെ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം.
1.20 കോടി രൂപ….
ബാഗ്പട്ടിൽ മറ്റൊരു ക്രിമിനലായ സുനിൽ രതിയുടെ 1.20 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ ഇന്നലെ കണ്ടുകെട്ടി. 2018 ജൂലൈയിൽ ബാഗ്പത് ജയിലിനുള്ളിൽ കൊടുംകുറ്റവാളിയായ മുന്നാ ബജ്രംഗിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുനിൽ രതി.
ഗാംഗ്സ്റ്റർ നിയമപ്രകാരം ഇയാളുടെ മൂന്ന് വീടുകളും ആഢംബര കാറും കണ്ടുകെട്ടിയെന്ന് പോലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് പറഞ്ഞു.
ലഖിംപൂർ ഖേരി, ബഹ്റൈച്ച് എന്നിവിടങ്ങളിൽ പശു കശാപ്പ് നിയമപ്രകാരം രണ്ട് പ്രതികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
30 ലക്ഷം രൂപ വീതം വരുന്ന സ്വത്തുക്കളാണ് ഇരുവരിൽ നിന്നും പോലീസ് കണ്ടുകെട്ടിയത്. റായ്ബറേരി സ്വദേശിയായ രാജീവ് കുമാർ എന്ന കുറ്റവാളിയുടെ 1.5 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇതിൽ ഇരുനില വീടും ആഢംബര കാറുകളും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ 25ലധികം കേസുകളുണ്ട്. കഴിഞ്ഞ ഒന്പത് മാസത്തിനിടെ ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം 8,906 പേരെ അറസ്റ്റ് ചെയ്യുകയും 270 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.