അഗളി: ഷോളയൂർ പഞ്ചായത്തിൽ പതിനഞ്ചോളം ആദിവാസി കുടുംബങ്ങളുടെ കൃഷിഭൂമി വനപാലകർ ജണ്ടകെട്ടി പിടിച്ചടക്കിയതായി പരാതിയുയർന്നു. തലമുറകളായി കൈവശം വച്ചു കൃഷിചെയ്തു വരുന്നതും ഭൂമി സംബന്ധമായ രേഖകളുള്ളതുമായ കൃഷിയിടമാണ് ജണ്ടകെട്ടി വനഭൂമിയാക്കിമാറ്റിയത്.
ഇതിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള കാർഷികവിളകൾ ഫോറസ്റ്റുകാർ പിടിച്ചെടുത്തതായി ആദിവാസികൾ ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തിൽ ആദിവാസികൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ അവസരത്തിൽ വനപാലകരെത്തി അതി ശീഘ്രം ജണ്ടയിട്ട് മടങ്ങുകയായിരുന്നെന്ന് ഉൗര് നിവാസികൾ പറഞ്ഞു.
കുരുമുളക്, കാപ്പി, കശുമാവ്, കമുക്, തെങ്ങ് തുടങ്ങി ഒട്ടനവധി കൃഷികളാണ് പിടിച്ചെടുത്തിരിക്കുന്നത്.വെങ്കക്കടവ് ഉൗരിലെ സഹോദരങ്ങളായ ആണ്ടിയുടെയും ഗണേഷിന്റെയും മൂന്നേക്കർ സ്ഥലവും ജണ്ടക്കുള്ളിലാക്കിയെന്ന് ആണ്ടി പറഞ്ഞു.
ഉൗരിലെ ശിവയുടെ മകൻ സോമൻ, രങ്കൻ മകൻ മല്ലി, തങ്കവേലു, പാപ്പാ കൃഷ്ണൻ, കൊരട്ടി, അഗ്രൻ, മാക്രി കോട്ട (വെള്ളിങ്കിരി), കുട്ടൻ, രങ്കൻ, രങ്കൻ കൃഷ്ണൻ, ചക്രാൻ, വിജയൻ, രാമൻ എന്നിവരുടെയും കുഞ്ഞപ്പൻ, ജോണ്സണ്, കൃഷ്ണകുമാർ, എന്നിവരുടെയും കൃഷിഭൂമികൾ പിടിച്ചെടുത്തതായി പ്രദേശവാസികൾ പറഞ്ഞു.
ഫോറസ്റ്റ് അധികൃതരുടെ അനധികൃത നടപടി അവസാനിപ്പിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ സ്ഥലം സന്ദർശിച്ചു നീതി നടപ്പാക്കിത്തരണമെന്നും ആദിവാസികൾ ആവശ്യപ്പെട്ടു.
വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകണമെന്നും കൃഷിയിടത്ത് നിർമ്മിച്ചിട്ടുള്ള ജണ്ട പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്നും ഭൂമി നഷ്ടപ്പെട്ടവർ പറഞ്ഞു.