ടി.ജി.ബൈജുനാഥ്
മുണ്ട് മടക്കിക്കുത്തി കക്ഷത്തിൽ ഡയറിയും തിരുകി ‘കമലാസന’ വേഷത്തിൽ നസീർ സംക്രാന്തി വരുന്നതോടെ ജനം ചിരിച്ചുതുടങ്ങും.
ജീവിതവഴികളിലെ നൊന്പര ങ്ങൾ ഉള്ളിലൊതുക്കി മൂന്നു പതിറ്റാണ്ടായി നാട്ടുകാരെ ചിരിപ്പിക്കുകയാണ് മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം രണ്ടാം തവണയും നേടിയ നസീർ സംക്രാന്തി.
അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ്, മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്നിവയിലെ മികവിനാണ് ഇത്തവണ പുരസ്കാരം. നടൻ നസീർ സംക്രാന്തിയുടെ വിശേഷങ്ങളിലേക്ക്…
പിന്നീടു സ്കൂളിൽ പോയില്ല
ഉമ്മയുടെ വീട് സംക്രാന്തിയിൽ. വാപ്പയുടെ വീട് തലയോലപ്പറന്പിലും. ഞങ്ങൾ അഞ്ചു പേരാണ്. രണ്ടാമനാണു ഞാൻ. എനിക്ക് ഏഴു വയസുള്ളപ്പോൾ വാപ്പ മരിച്ചു.
ഞങ്ങൾ സംക്രാന്തിയിലേക്കു വന്നു. പിന്നെയങ്ങോട്ടു ജീവിതം നിറയെ ദുരിതങ്ങളായിരുന്നു. വീടിനടുത്ത് മലബാറിൽ നിന്നു വന്ന ഒരു കുടുംബം താമസിക്കുന്നുണ്ടായിരുന്നു.
ഉമ്മ അവിടെ വേലയ്ക്കു നിൽക്കുകയായിരുന്നു. ഉമ്മയെ സഹായിക്കാൻ ഞാനും കൂടെ നിൽക്കുന്നതു കണ്ടപ്പോൾ അവർ പറഞ്ഞിട്ടാണ് എന്നെ തിരൂരങ്ങാടിയിലെ യത്തീംഖാനയിൽ പഠിക്കാനയച്ചത്. ഒരു വർഷം അവിടെ നിന്നു പഠിച്ചു.
അങ്ങനെ ആറിലേക്കു ജയിച്ചു. നൊയന്പിന്റെ അവധിക്കു ഞാൻ സംക്രാന്തിയിലേക്കു വന്നു. പിന്നെ തിരിച്ചുപോയില്ല. പഠിക്കാനും പോയില്ല. ലോട്ടറി കച്ചവടം മുതൽ പല പല ജോലികളിലും ഏർപ്പെട്ടു.
കലാബോധമുണ്ട്, കളയരുത്…
സംക്രാന്തി പെരുന്പായിക്കാട് എസ്എൻ എൽപി സ്കൂളിൽ നാലിൽ പഠിക്കുന്പോഴാണ് ആദ്യമായി സ്്റ്റേജിൽ കയറിയത്. മിമിക്രിയെന്നല്ല എല്ലാത്തിലും കയറി കൈ കൊടുത്തിരുന്നു.
അന്ന് കലാഭവന്റെയൊക്കെ കാസറ്റ് കേട്ടു പഠിച്ച് സ്കിറ്റുകളാണു ചെയ്തിരുന്നത്. കാസറ്റിൽ പറയുന്നതു കൂടാതെ അഡീഷണൽ കോമഡി കയ്യിൽ നിന്നു ചേർക്കുമായിരുന്നു.
അധ്യാപകരെക്കുറിച്ചും തമാശകലർത്തി പറയുമായിരുന്നു. അതൊക്കെ അവർ താത്പര്യത്തോടെ കണ്ടു. നിനക്കു നല്ല കലാബോധമുണ്ട്. നീയതു കളയരുത്. സൂക്ഷിക്കണം – ദേവസ്യ സാർ എന്നോടു പറഞ്ഞു.
കട്ടൻകാപ്പിയും ബോണ്ടയും!
പതിനാറു വയസൊക്കെ ആയപ്പോൾ ഒന്നു രണ്ടു കൂട്ടുകാരെയൊക്കെ കൂട്ടി അന്പല ങ്ങളിലെ ഉത്സവങ്ങളിലും ക്ലബുകളിലുമൊക്കെ സ്കിറ്റ് ചെയ്യാൻ അവസരം ചോദിച്ചു പോയി. അവിടെ പ്രതിഫലം കട്ടൻകാപ്പിയും ബോണ്ടയും മാത്രം!
പലപ്പോഴും പരിപാടി കഴിഞ്ഞു നടന്നാണ് വീട്ടിൽ വന്നിരുന്നത്. കുമരകത്തു നിന്നൊക്കെ നടന്നിട്ടുണ്ട്… സംക്രാന്തി വരെയും. തൊണ്ണൂറുകളിൽ ജനനിയുടെ ഗാനമേള ട്രൂപ്പിൽ ഞങ്ങൾ മൂന്നു പേർ ഗ്യാപ്പിനു കയറി സ്കിറ്റു കളിച്ചു.
പിന്നീടു മംഗളം ട്രൂപ്പിൽ ചേർന്നു. കോട്ടയം നസീർ ട്രൂപ്പ് തുടങ്ങിയപ്പോൾ അതിലേക്കു പോയി. ഡിഡി മലയാളം തുടങ്ങിയ കാലം മുതൽ ചാനലുകളിലും സ്റ്റേജ് ഷോ ചെയ്തിരുന്നു.
പുറന്പോക്കിലെ ഷെഡ്
സംക്രാന്തിയിൽ ഒരു ഇറച്ചിക്കടയുടെ സൈഡിലുള്ള ചായ്പിൽ വാടകയ്ക്കു താമസിക്കുന്പോൾ കുടികിടപ്പ് അവകാശം കൊടുക്കേണ്ടി വരുമോ എന്നു ഭയന്ന് അവിടെനിന്നു രാത്രിയിൽ ഞങ്ങളെ ഇറക്കിവിട്ടു.
അങ്ങനെയാണ് റെയിൽവേ പുറംപോക്കിൽ പത്തലു കുത്തി ഷെഡ് വച്ചത്. അവിടെ അഞ്ചാറു വർഷം താമസിച്ചു. അക്കാലത്തും സ്റ്റേജ് പരിപാടിക്കു പോകുന്നുണ്ടായിരുന്നു.
ചിരിപ്പിക്കുന്നവരിൽ മിക്കവരുടെയും മനസിൽ ഇതുപോല ഒരുപാടു പ്രശ്നങ്ങളുണ്ടാവും. അത് ആരെങ്കിലും ചോദിച്ചാലേ പറയുകയുള്ളൂ. അല്ലാതെ, നമുക്കു പറഞ്ഞോണ്ടു നടക്കാൻ പറ്റുമോ..!
തട്ടീം മുട്ടീം കാര്യങ്ങൾ
തട്ടീം മുട്ടീം പരിപാടിയിൽ വന്നപ്പോഴാണ് വലിയ ആളുകൾക്കൊപ്പം നിന്ന് സ്വാതന്ത്ര്യത്തോടെ വേഷം ചെയ്യാൻ ഒരിടം കിട്ടിയത്. അതിനു ഞാൻ കടപ്പെട്ടിരിക്കുന്നത് അന്ന് ആ പരിപാടി ഡയറക്ട് ചെയ്ത ഉണ്ണിച്ചേട്ടനോടാണ്.
ഉണ്ണിച്ചേട്ടൻ അമൃതാ ടീവിയിലുള്ളപ്പോൾ ഞാൻ അദ്ദേഹത്തിന്റെ പരിപാടികൾ ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം എന്റെ സുഹൃത്താണ്.
തട്ടീം മുട്ടീം തുടങ്ങിയപ്പോൾ കെപിഎസി ലളിത, മഞ്ജുപിള്ള, ജയൻ ചേട്ടൻ, ഭാഗ്യലക്ഷ്മി, സിദ്ധാർഥ് എന്നിവരേ ഉണ്ടായിരുന്നുള്ളൂ. അവസരമുണ്ടെങ്കിൽ വിളിക്കണേ എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഒരു ദിവസം എന്നെ അതിൽ ഒരു വേഷം ചെയ്യാൻ വിളിച്ചു.
അന്നു കമലാസനൻ എന്ന് ആയിരുന്നില്ല കഥാപാത്രത്തിന്റെ പേര്. ഞാൻ ചെയ്തത് അവർക്കെല്ലാം ഇഷ്ടമായി. അടുത്ത ഷെഡ്യൂളിൽ ഒരു ദിവസം കൂടി വിളിച്ചു. പിന്നെയതു രണ്ടു ദിവസങ്ങളിലായി. ക്രമേണ എല്ലാ ദിവസവുമായി.
സുന്ദരപുരുഷൻ
കോട്ടയം നസീറിന്റെ റിഹേഴ്സൽ ക്യാ ന്പിൽ നിൽക്കുന്പോൾ ജോസ്തോമസ് സാർ, ജോണി ആന്റണി ചേട്ടൻ, മാർത്താണ്ഡൻ തുടങ്ങി പലരും അവിടെ വരുമായിരുന്നു.
അവരൊക്കെ പടം ചെയ്തപ്പോൾ എന്നെ വിളിച്ചു. സുന്ദരപുരുഷനിൽ ജോസ് തോമസ് സാർ എനിക്ക് അറ്റൻഡറുടെ വേഷം തന്നു.
സുന്ദരപുരുഷനാണ് എന്റെ ആദ്യ സിനിമ. വില്ലാളിവീരൻ, സ്വർണക്കടുവ, വെൽക്കം ടു സെൻട്രൽ ജയിൽ എന്നിവയിൽ സാമാന്യം നല്ല വേഷങ്ങൾ. സ്വർണക്കടുവയിൽ ത്രൂഒൗട്ട് കാരക്ടർ വേഷം.
കപ്പേള, ജിബൂട്ടി
തട്ടീം മുട്ടീം കണ്ടിട്ടാണ് ഇപ്പോൾ സിനിമയിൽ അവസരങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു സീനേ ഉള്ളുവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന നല്ല സീനാണ് ഡയറക്ടർമാർ വിളിച്ചു തരുന്നത്.
അതിൽ ഒരു കാരക്ടർ ഉണ്ടാവും. വേറെ റെക്കമെൻഡ് ഇല്ലാതെ ഡയറക്ടർമാർ നേരിട്ടു വിളിച്ചു വേഷം തരുന്നതു വലിയ സന്തോഷമുള്ള കാര്യം.
ഈ അവാർഡിനു മുന്നേ തന്നെ മൂന്നു പടങ്ങളിലേക്കു പറഞ്ഞുവച്ചിരിക്കുകയാണ്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേളയിലും നല്ല വേഷമായിരുന്നു. ജിബൂട്ടിയാണ് കൊറോ ണയ്ക്കു മുന്പു ചെയ്ത പടം.
ദ പ്രീസ്റ്റ്
ഇതുവരെ നാല്പതിലേറെ സിനിമകൾ ചെ യ്തു. കോമഡി പാറ്റേണിൽ നിന്നു മാറിയുള്ള കാരക്ടർ വേഷങ്ങൾ ഇടയ്ക്കു കിട്ടാറുണ്ട്. മമ്മൂക്കയുടെ ദ പ്രീസ്റ്റിൽ അത്തരമൊരു വേഷമാണ്.
തട്ടീം മുട്ടീമിലെ ഒന്നും തന്നെ ഇതിൽ വരുന്നില്ലല്ലോ, ഇതു വേറെ ശൈലിയാണല്ലോ എന്ന് പല ഡയറക്ടർമാരും പറയാറുണ്ട്. പക്ഷേ, ചിലർ തട്ടീം മുട്ടീമിലേതു പോലെ മുടി ചീകാനും അതുപോലെ ചെയ്യാനുമൊക്കെ പറയാറുണ്ട്.
അതിൽ അങ്ങനെ ചെയ്യുന്നുണ്ടല്ലോ ഇതിൽ വേറെ ഒന്നു മാറി ചിന്തിക്കാം എന്നാണ് അപ്പോൾ അവരോടു ഞാൻ പറയാറുള്ളത്. സീരിയസ് കാരക്ടർ വേഷങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്.
ഏതു റോളും വഴങ്ങണം
കോമഡി ചെയ്യുന്നവർക്ക് എന്നല്ല, അഭിനയിക്കുന്നവർക്ക് ഏതു റോളും വഴങ്ങണം. സങ്കടവും ചിരിയും മറ്റുള്ള വികാരങ്ങളും കൂടി കലർന്നതാണല്ലോ അഭിനേതാവ്. ചിലർ ചിലതു ചെയ്യുന്പോൾ അതങ്ങു ക്ലിക്കാവും. ചിലതു ഫ്ളോപ്പാകും. അത്രേയുള്ളൂ.
കോമഡി ചെയ്യുന്ന ഒരാളെ ഡയറക്ടർക്കു വിശ്വാസം തോന്നി വ്യത്യസ്തമായ കാരക്ടർ റോൾ ഏൽപ്പിച്ചാൽ അയാൾ ആ കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളും. അതുവരെ ചെയ്്തുവന്ന ശൈലി തന്നെ മാറ്റും. അത് ഓട്ടോമാറ്റിക്കായി സംഭവിക്കുന്നതാണ്.
ഓഡിയൻസിനു സ്നേഹമാണ്
എന്റെ കോമഡിയൊക്കെ ഏതു രീതിയിലാണ് ജനം എടുത്തിരിക്കുന്നതെന്നും എന്തു കണ്ടിട്ടാണ് അവർ ചിരിക്കുന്നതെന്നും അറിയില്ല. പക്ഷേ, ഓഡിയൻസിനൊക്കെ വലിയ ഇഷ്ടവും സ്നേഹവുമാണ്.
ഈ കൊറോണക്കാലത്ത് ടിക് ടോക്കിൽ ഉൾപ്പെടെ രാഷ്്ട്രീയക്കാരെ ട്രോളുന്ന എറെ വീഡിയോകളും ട്രോളുകളും വന്നത് തട്ടീം മുട്ടീമിലെ കുറേ പീസുകൾ എടുത്തിട്ടാണ്. അതൊക്കെ കാണുന്നതു തന്നെ സന്തോഷമല്ലേ.
കഥാപാത്രമാകുന്നത്
ഇതാണു നിങ്ങളുടെ കാരക്ടർ എന്നു ഡയറക്ടർ പറയുന്പോൾ അതാകാൻ ശ്രമിക്കും. പോരായ്മകളുണ്ടെങ്കിൽ അവർ പറഞ്ഞുതരും. പിന്നീട് ആ രീതിയിൽ ചെയ്യും. തട്ടീം മുട്ടീമീലെ ആ കോസ്റ്റ്യൂമും മീശയുമൊക്കെ വച്ചു കഴിയുന്പോൾ അതിലെ കമലാസനനായി മാറും.
തട്ടീം മുട്ടീം വിടില്ല
ഒരാർട്ടിസ്റ്റിന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമ തന്നെയാണ്. സിനിമകൾക്കൊപ്പം തട്ടീം മുട്ടീം, കോമഡി പരിപാടികൾ, സ്കിറ്റുകൾ എന്നിവയും ചെയ്യണം. സീരിയലുകളിൽ നിന്നു ധാരാളം വിളിക്കുന്നുണ്ട്. പക്ഷേ, മാക്സിമം ഒഴിവായി നിൽക്കുകയാണ്.
എല്ലാം കൂടി ഏറ്റു കഴിഞ്ഞാൽ പോകാൻ ബുദ്ധിമുട്ടാവും. പോയാൽ സിനിമകൾ പലതും നഷ്ടമാകും. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും കൂടെയുള്ള പടങ്ങൾ അങ്ങനെ പോയിട്ടുണ്ട്.
വീടുപണി മുടങ്ങി
എന്നപ്പോലെയുള്ള എല്ലാ കലാകാരന്മാർക്കും കിട്ടിയ വലിയൊരടിയാണു കോവിഡ്. ലോക്ഡൗണ് സമയത്തു വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു പരിപാടിയും ഇല്ലായിരുന്നു.
തട്ടീം മുട്ടിയുമൊക്കെ നിർത്തിവച്ചിരുന്നു. കലാകാരന്മാർക്കു വേറെ വരുമാനമൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം വേറെ യാതൊരു പണിയും അറിയില്ല.
കോവിഡ് വന്നതോടെ ഒരുപാടു കാര്യങ്ങൾ മുടങ്ങി. സംക്രാന്തി നീലിമംഗലത്തു വാടകയ്ക്കാണു താമസം. വീടു വയ്ക്കണമെന്ന ആഗ്രഹത്തിലിരുന്നതാണ്. ഒരു യുഎസ്എ ട്രിപ്പുണ്ടായിരുന്നു; രണ്ടു മൂന്ന് ഗൾഫ് പരിപാടികളും.
പിന്നെ, നാട്ടിൽ കുറേ ഓണപ്പരിപാടികളും. എല്ലാകൂടി മനസിൽ കണ്ടാണ് വീടുപണി തുടങ്ങിയത്. സംക്രാന്തിയിൽ വാങ്ങിയ മൂന്നര സെന്റിൽ തറ വരെ കെട്ടി. പക്ഷേ, കൊറോണ വന്ന് എല്ലാം തൂത്തുവാരിക്കൊണ്ടുപോയില്ലേ!
വീട്ടുകാര്യങ്ങൾ
വീട്ടിൽ ഉമ്മ, ഭാര്യ, മൂന്നു മക്കൾ. ഉമ്മ
ഐഷാബീവി. ഭാര്യ ഫാത്തിമ. മൂത്ത മകൾ
നാഷ്്മിൻ. രണ്ടാമത്തെ മകൾ നിഷാന. ഇരുവരും വിവാഹിതർ. മരുമക്കൾ അനീഷും അജ്മലും. പ്ലസ് ടുവിനു ശേഷം ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു നിൽക്കുകയാണ് മകൻ നാഷിൻ.