സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ നഗരത്തിൽ വൻ കഞ്ചാവു വേട്ട. കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി ദന്പതികളടക്കം നാലുപേരെ തൃശൂർ ശക്തൻ നഗറിൽ നിന്നും ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി.
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനായി ആന്ധ്രയിൽനിന്നു കൊണ്ടുവന്നിരുന്ന കഞ്ചാവാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടിച്ചെടുത്തത്.
ആഡംബര കാറിന്റെ ബോണറ്റിനകത്ത് അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബോണറ്റിനകത്തെ ചൂടേറ്റാൽ പോലും നശിച്ചുപോകാത്ത വിധത്തിൽ ആറു ലെയറുകളുള്ള പാക്കറ്റിനുള്ളിലായിരുന്നു കഞ്ചാവ്.
തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർഖാൻ, റിയാസ്, ഷമീർ, ഭാര്യ സുമി എന്നിവരാണ് പിടിയിലായത്. ഇതിൽ ജാഫർഖാനും റിയാസും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
അതിർത്തികളിലെയും മറ്റും പരിശോധനകളിൽ നിന്ന് പെട്ടന്ന് രക്ഷപ്പെടാനാണ് സ്ത്രീയെ കൂടെ കൂട്ടിയതെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി.
പിടിച്ചെടുത്ത കഞ്ചാവ് കോവിഡ് കാലത്ത് കൂടിയ വിലയ്ക്കാണ് വിൽപന നടത്തിയിരുന്നത്. പത്തുകിലോ കഞ്ചാവിന് പത്തുലക്ഷത്തിനടുത്ത് വില കിട്ടുമെന്നാണ് ഇവരിൽനിന്നു കിട്ടിയ വിവരം. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സിബിസിഐഡി എസിപി ബാബു കെ തോമസ്, ഈസ്റ്റ് സിഐ ലാൽകുമാർ, എസ്ഐ സിനോജ്, ഷാഡോ പോലീസ് അംഗങ്ങൾ എന്നിവരാണ് പ്രതികളെ പിടികൂടിയത്.