ചിറ്റൂർ: അന്പാട്ടുച്ചള്ളയിൽ പത്തേക്കറോളം പാടത്തെ നെൽചെടികൾ വീണു നശിച്ചു. ഒന്നരയേക്കറിലെ കൃഷി ഒന്നാകെ വീണതിനെതുടർന്ന് കന്നിമാരി അന്പാട്ടുചള്ള മണിയെന്ന കർഷകന് ഇത്തവണയും കണ്ണീർകൊയ്ത്ത്.
ചെളിയിൽ വീണ നെൽച്ചെടികളിൽ യന്ത്രകൊയ്ത്തും നടത്താനാകില്ല. നടീൽ, കളപറി, വളം എന്നിവയ്ക്കായി 35,000 രൂപയോളം ചെലവഴിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങിയാണ് മിക്കവരും കൃഷിയിറക്കിയത്.
2018, 2019 വർഷങ്ങളിൽ പ്രളയത്തിലും കൃഷിനാശമുണ്ടായി. വയലിൽ വീണുകിടക്കുന്ന നെൽച്ചെടികൾ കൊയ്തെടുക്കണമെങ്കിൽ ഇനി തൊഴിലാളികളെ ആശ്രയിക്കണം. ഇവർക്ക് മുന്നൂറുരൂപയായിരുന്ന കൂലി നിലവിൽ നാനൂറു രൂപയായിട്ടുണ്ട്.
ഇതു നല്കിയാൽ തന്നെ തൊഴിലാളിക്ഷാമം രൂക്ഷമാണ്. തമിഴ്നാട്ടിൽനിന്നും സ്ത്രീ തൊഴിലാളികളെ ഇതിനായി എത്തിക്കേണ്ടിവരും. ഇതിനായി ഇടനിലക്കാരന് ഓരോ തൊ ഴിലാളിക്ക് അന്പതുരൂപവീതം നല്കണം.
മണിയുടെ നെൽപാടത്തിനു സമീപം അമ്മാളു, നാരായണൻ എന്നിവരുടേത് ഉൾപ്പെടെ പത്തേക്കർ നെൽകൃഷിയാണ് മഴയിൽ വീണു നശിച്ചിരിക്കുന്നത്. കൃഷിനാശമുണ്ടായ കർഷകർ ധനസഹായത്തിനു കൃഷി ഓഫീസർക്ക് അപേക്ഷ നല്കി കാത്തിരിക്കുകയാണ്.