കല്ലടിക്കോട്: ലോക്ക് ഡൗണ്‍മൂലം മലയോര കർഷകർ പ്രതിസന്ധിയിലായി. റബർതോട്ടങ്ങളിൽ പണിയെടുക്കാനോ ടാപ്പിംഗ് നടത്താനോ കഴിയുന്നില്ല. കരിന്പ, തച്ചന്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ മലയോരകർഷകരുടെ കേന്ദ്രമാണ്. റബർ, തെങ്ങ്, കമുക്, ജാതി, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷികൾ.
റബർതോട്ടങ്ങളിൽ ടാപ്പിംഗ് നടത്താനോ, കാടുകൾ വെട്ടിത്തെളിച്ച് വളമിടാനോ പറ്റാതെ വന്നതോടെ കർഷകർ പ്രതിരോധത്തിലാണ്.ചുള്ളിയാംകുളം, പാലക്കയം, കാഞ്ഞിരപ്പുഴ, ഇരുന്പകചോല, പൂഞ്ചോല, അഴിക്കട, തരുപ്പപ്പൊതി, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് റബർ ടാപ്പിംഗ് നടത്താനാകതെ കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്.
പലപ്രദേശങ്ങളിലും കാട്ടാനകളും പുലി, കടുവ, പുള്ളിമാൻ, കുരങ്ങുകൾ, മയിൽ തുടങ്ങിയവ കൃഷിയിടത്തിൽ എത്തി കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. ലോക്ക് ഡൗണ്‍ കാരണം റബർതോട്ടങ്ങളിൽ വളമിടാനോ, ടാപ്പിംഗ് നടത്താനോ പണിക്കാരെപ്പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ.
കർഷക കുടുംബങ്ങൾ ദാരിദ്യ്രത്തിലാണ്. റബർതോട്ടങ്ങളിലെ കാടു വെട്ടിത്തെളിക്കാനോ, വളമിടാനോ കഴിയാത്തതിനാൽ റബർമരങ്ങൾ ചീക്കുപൊട്ടി നശിക്കാനും തുടങ്ങിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ മൂലം രണ്ടുകോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. റബർകടകൾ തുറക്കാത്തതും തറവില നിശ്ചയിക്കാത്തതും കർഷകരെ ദോഷമായി ബാധിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ ബാങ്കിൽ പണയം വായ്പയെടുത്തവർ ജപ്തി ഭീക്ഷണിയിലാണ്.
ഈ സാഹചര്യത്തിൽ മലയോര മേഖലകളിലെ കൃഷിയിടങ്ങളിൽ പണികൾ നടത്താനും വിളവെടുപ്പ് നടത്താനും വഴിയൊരുക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.