സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: വിദേശ യാത്രക്കാര്‍ക്കു വ്യാജ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നല്കി വളാഞ്ചേരി അര്‍മാ ലാബ് വാരിക്കൂട്ടിയതു ലക്ഷങ്ങള്‍.കോഴിക്കോട് മൈക്രോ ലാബിന്റെ ഫ്രാഞ്ചസിയായിരിക്കെ ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി വിദേശ യാത്രക്കാരില്‍നിന്നാണ് ലക്ഷങ്ങൾ തട്ടിയത്.
വളാഞ്ചേരി അര്‍മാ ലാബില്‍ പരിശോധനയ്ക്കു നല്കുന്ന സാമ്പിളുകള്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് അയച്ചു പരിശോധിപ്പിച്ചാണ് സാധാരണ ഫലം നല്‍കിയിരുന്നത്.
2,500 രൂപയിലേറെ ഈടാക്കിയിരുന്ന ഒരു പരിശോധനയ്ക്ക് 500 രൂപയോളമാണ് ഫ്രാഞ്ചസിയായ അര്‍മാ ലാബിനു കമ്മീഷൻ ലഭിച്ചിരുന്നത്. എന്നാൽ, ഇതിൽ തൃപ്തിവരാതെ ലാഭക്കൊതിക്കായിട്ടാണ് ലാബ് കള്ളക്കളി നടത്തിയത്.
വളാഞ്ചേരിയില്‍ ലാബില്‍ കൂടുതല്‍ പ്രവാസികള്‍ പരിശോധനയ്ക്കു വന്നതോടെയാണ് ലാബ് ഉടമ കോവിഡും വിറ്റ് കാശാക്കി ത്തുടങ്ങിയത്. പരിശോധനയ്ക്ക് എടുത്ത സാന്പിളുകൾ മുഴുവനും മൈക്രോലാബിലേക്ക് അയയ്ക്കാതെയായിരുന്നു തട്ടിപ്പ്.
പരിശോധനയ്ക്കു ലഭിച്ച രണ്ടായിരത്തി അഞ്ഞൂറിലേറെ സാമ്പിളുകൾക്കാണ് അര്‍മാ ലാബ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഇതിൽ രണ്ടായിരത്തോളം സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കാതെ തന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നൽകുകയായിരുന്നു.
ഒരു പരിശോധന റിപ്പോര്‍ട്ടിന് 2,500 ലേറെ രൂപ ഈടാക്കുകയും ചെയ്തു. ഇതോടെ ഈ കാശു മുഴുവൻ അർമാ ലാബിനു ലഭിച്ചു. നേരത്തെ മൈക്രോലാബിൽനിന്നു ലഭിച്ച ഒരു നെഗറ്റീവ് സർട്ടിഫിക്കറ്റിൽ മറ്റുള്ളവരുടെ പേര് എഡിറ്റ് ചെയ്താണ് വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത്.
കേരളത്തില്‍നിന്നു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുമായി യുഎഇയിലേക്കു പോയ നിരവധി പേര്‍ക്ക് അവിടെ എത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെ യുഎഇ പ്യൂവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലാബുകളില്‍ നിന്നുളള പരിശോധന റിപ്പോര്‍ട്ട് മാത്രമാണ് യുഎഇ അംഗീകരിക്കുക. ഇത്തരത്തില്‍ അംഗീകരിച്ച കേരളത്തിലെ ലാബായിരുന്നു കോഴിക്കോട് അടക്കം പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലാബ്.
എന്നാല്‍, ഇവരെയും കബളിപ്പിച്ചു വളാഞ്ചേരിയിലെ ഫ്രാഞ്ചേസിയായ അര്‍മ ലാബ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചതോടെ കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ജയ്പൂരിലെ സൂര്യാലാബ്, ദില്ലിയിലെ ഡോ.പി ഭാസിന് പാത്ത് ലാബ്, നോബിള്‍ ഡൈനോസ്റ്റിക് ലാബ്, എന്നിവയ്ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി.
ഈ ലാബുകളെല്ലാം യുഎഇ പ്യൂവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലാബ് പട്ടികയില്‍നിന്നു നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടെനിന്നു പരിശോധന നടത്തിയവരുടെ യാത്ര ദുരിതത്തിലായി.
കരിപ്പൂരിലെ കഴിഞ്ഞ ദിവസം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ ലാബില്‍ പരിശോധന നടത്തിയ 113 പേരുടെ യാത്ര മുടങ്ങിയിരുന്നു. അതേസമയം, തട്ടിപ്പ് നടത്തി മുങ്ങിയ ലാബ് ഉടമയ്ക്കായി തെരച്ചിൽ തുടരുകയാണ്.