കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരേ സിറ്റി പോലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ നിയമം കൈയിലെടുക്കേണ്ടി വന്നത് വിവാദമായിരിക്കെ, തനിക്കും നീതി ലഭിച്ചില്ലെന്നു കോഴിക്കോട് സ്വദേശിയായ ഗായികയും സ്കൂൾ കൗണ്‍സിലറുമായ യുവതി.
മേലുദ്യോഗസ്ഥർക്കു പരാതി നല്കി 10 ദിവസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.പോലീസുകാരന് ഫ്ളാറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ അന്വേഷണത്തിനെത്തിയ സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ അപമാനിച്ചെന്നായിരുന്നു യുവതി ഉത്തരമേഖലാ ഐജിക്കു നല്കിയ പരാതി.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഫ്ളാറ്റ് എടുത്തു നല്‍കിയതിന്റെ പേരില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പൻഡ് ചെയ്തുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വരെ “സദാചാര’ വാക്കുകള്‍ എഴുതി ചേര്‍ത്ത സംഭവം പോലീസിനുള്ളിലും സമൂഹത്തിലും ഏറെ ചര്‍ച്ചയായിരുന്നു.
സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്ന സര്‍ക്കാരിനെ വരെ പ്രതികൂട്ടിലാക്കുന്ന നടപടിയായിട്ടും ഇതിനെതിരേ അന്വേഷണം ആരംഭിക്കാന്‍ പോലും പോലീസുദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്നാണ് ആരോപണം. യുവതിയെ അപമാനിക്കും വിധത്തില്‍ ഗുരുതരമായ കൃത്യനിര്‍വഹണം നടത്തിയെന്ന പരാതി ഉയര്‍ന്നിട്ടും മേലധികാരികള്‍ അസി.കമ്മീഷണര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല.
ഏഴു കാര്യങ്ങൾ
ഏഴ് കാര്യങ്ങളില്‍ നീതി തേടിയാണ് യുവതി ഐജിക്ക ു പരാതി നല്‍കിയത്. “സ്ത്രീയായ ഞാന്‍ തനിച്ചു താമസിക്കുന്നിടത്തു യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടു പുരുഷ പോലീസുകാര്‍ കടന്നു എന്നെ ഭയപ്പെടുത്തി മൊഴിയെടുത്തു.
മറ്റൊരാള്‍ക്കെതിരെയുള്ള പരാതിയെ എനിക്കെതിരായിട്ടുള്ള പരാതി എന്നു തെറ്റിദ്ധരിപ്പിച്ചു. ആരുടേതാണ് പരാതി എന്ന് വ്യക്തമാക്കുകയോ പരാതി വായിച്ചു കേള്‍പ്പിക്കുകയോ ചെയ്തില്ല.
ഞാന്‍ പറഞ്ഞ വസ്തുതകള്‍ രേഖപ്പെടുത്താതെ അവര്‍ക്കാവശ്യമായ രീതിയില്‍ മൊഴി രേഖപ്പെടുത്തി. നിര്‍ബന്ധ പൂര്‍വം “മൊഴി വായിച്ച് കേട്ടു. ശരി’ എന്നെഴുതി ഒപ്പുവയ്പ്പിച്ചു.
‘ഫോട്ടോയില്‍ കാണുന്നതു പോലെയല്ലല്ലോ’ എന്ന് ഒരു പോലീസുദ്യോഗസ്ഥന് ചെയ്യരുതാത്ത തരത്തില്‍ അനാവശ്യമായി കമന്റടിച്ചു ബോഡി ഷെയിമിംഗും കറുത്ത നിറത്തോടുള്ള അധിക്ഷേപവും നടത്തി.
ഞാന്‍ സ്വാതന്ത്രമായി വാടകയ്ക്കെടുത്തു താമസിക്കുന്ന ഫ്ളാറ്റ് മറ്റൊരാള്‍ എന്റെ പേരില്‍ തരപ്പെടുത്തിയതാണെന്നും എന്നെ ഒരാള്‍ ഇവിടെ താമസിപ്പിച്ചതാണെന്നും അയാള്‍ ഇവിടെ നിത്യ സന്ദർശകനാണെന്നും വ്യാജ വിവരങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് തയാറാക്കി
അത് ഒരു പബ്ലിക് ഡോക്യുമെന്റ് ആയ സസ്പെന്ഷന് ഓര്‍ഡറില്‍ ഉള്‍പ്പെടുത്താനിടയാക്കുകയും എന്റെ വ്യക്തിത്വത്തെയും അന്തസിനേയും അപമാനിക്കുകയും ചെയ്തു’.