കൊച്ചി: കൊച്ചി മത്സ്യബന്ധന തുറമുഖം നവീകരിക്കലിന്റെ ഭാഗമായി ഒരുക്കുന്നത് നിരവധി പുതിയ സംവിധാനങ്ങള്‍. ശീതീകരിച്ച ലേലഹാള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊച്ചി തുറമുഖം സജ്ജമാകുന്നതോടെ മത്സ്യബന്ധനത്തിനുശേഷം വരുന്ന നഷ്ടങ്ങളില്‍ കുറവുണ്ടാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
ശീതീകരിച്ച ലേലഹാളിനു പുറമേ പാക്കിംഗ് ഹാളും നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഐസ് പ്ലാന്റ്, റിവേഴ്സ് ഓസ്മോസിസ് ജലശുദ്ധീകരണ പ്ലാന്റ്, മഴവെള്ള സംഭരണി, ട്രൈപോഡുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, തുറമുഖത്തിനകത്ത് മത്സ്യം കൈകാര്യം ചെയ്യാനുള്ള ചെറു വാഹനങ്ങള്‍ എന്നിവയും ഉണ്ടാകും.
മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനം, ചില്ലറവില്പന മാര്‍ക്കറ്റ്, മത്സ്യം വൃത്തിയാക്കാനുള്ള സംവിധാനം, വല നന്നാക്കല്‍ യൂണിറ്റ്, ഓഫീസുകള്‍, ഫുഡ് കോര്‍ട്ട്, കാന്റീന്, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമ സംവിധാനം എന്നിവയും ഒരുക്കുന്നുണ്ട്.
140 കോടി രൂപയുടെ പദ്ധതിയാണു നടപ്പിലാക്കാന്‍ ഉദേശിക്കുന്നത്. പദ്ധതിരേഖയില്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി(എംപിഇഡിഎ)യും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും ഒപ്പിട്ടു കഴിഞ്ഞു.
1928 ല്‍ ആരംഭിച്ച കൊച്ചി മത്സ്യബന്ധന തുറമുഖത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിമിത്തം എത്തിക്കുന്ന മത്സ്യത്തില്‍ 20 മുതല്‍ 25 ശതമാനം വരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം തൊഴില്‍ വൈദഗ്ധ്യത്തിന്റെ കുറവും വൃത്തിഹീനമായ കൈകാര്യവും രാജ്യത്തെ മത്സ്യബന്ധനമേഖല നേരിടുന്ന പ്രശ്നങ്ങളാണ്.
കണക്കുകള്‍ പ്രകാരം പിടിക്കുന്ന മത്സ്യത്തിന്റെ കാല്‍ഭാഗം തുറമുഖങ്ങളില്‍ കൈകാര്യം ചെയ്യുന്നതിലൂടെ നഷ്ടപ്പെടുന്നുവെന്നാണ്. അഞ്ഞൂറിലേറെ ബോട്ടുകളെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഇവിടെ പ്രതിദിനം 250 ടണ്‍ മത്സ്യമാണ് എത്തുന്നത്.
രാജ്യത്തുനിന്നു കയറ്റുമതി ചെയ്യുന്ന മത്സ്യത്തിന്റെ സിംഹഭാഗവും 25 തുറമുഖങ്ങള്‍ വഴിയാണ് എത്തുന്നത്. നിലവില്‍ മത്സ്യം മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുന്നത് കേവലം അഞ്ച് ശതമാനമാണ്.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഇത് 50 ശതമാനമാണെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്ത് രാജ്യത്തെ സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
രാജ്യത്തുനിന്നുള്ള ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ അളവില്‍ 65 ശതമാനവും മൂല്യത്തില്‍ 45 ശതമാനവും രാജ്യത്തെ 50 പ്രധാന തുറമുഖങ്ങള്‍ വഴിയും 100 മത്സ്യബന്ധന ജട്ടികള്‍ വഴിയുമാണ്.
ഈ സാഹചര്യത്തില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും എംപിഇഡിഎയും തമ്മിലുള്ള സഹകരണത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. വിവിധ കേന്ദ്രപദ്ധതികളില്നിന്നാണു തുറമുഖ നവീകരണത്തിനായുള്ള 140 കോടി രൂപ കണ്ടെത്തുന്നതെന്ന് എംപിഇഡിഎ ചെയര്മാന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് ഡോ. എം. ബീനയും കെ.എസ്. ശ്രീനിവാസുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുവേണ്ടി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനു രൂപം നല്‍കും.
ഏണസ്റ്റ് ആന്‍ഡ് യങ് കണ്സല്ട്ടന്റാണ് കൊച്ചിയ്ക്കുവേണ്ടിയുള്ള വിശദമായ പദ്ധതി രേഖ തയ്യാര്‍ ചെയ്തിട്ടുള്ളത്. ഇതേ മാതൃകയിലാകും ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ നിസാമപട്ടണം തുറമുഖവും നവീകരിക്കുന്നത്.