കുറവിലങ്ങാട്: “ഇത് എന്റെ കടമയാണ്, എല്ലാവരും മാറിനിന്നാലും എനിക്ക് മാറിനില്‍ക്കാനാവില്ല, കാരണം ഞാന്‍ ആരോഗ്യപ്രവര്‍ത്തകനാണ്’.
കിടപ്പുരോഗിയെ കോവിഡ് പിടികൂടിയതോടെ വാഹനമെത്താത്ത വീട്ടില്‍നിന്ന് ഒറ്റയ്ക്ക് ചുമലിലേറ്റി ആംബുലന്സിലെത്തിക്കുമ്പോള് ബിജുവെന്ന മാതൃകാ ആരോഗ്യപ്രവര്‍ത്തകന്റെ മനസിനും ശരീരത്തിനും കരുത്തായ ചിന്ത ഇതായിരിക്കണം.
കടപ്ലാമറ്റം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട ഇലയ്ക്കാടായിരുന്നു ആരോഗ്യവകുപ്പിന് അഭിമാനവും കോവിഡ് ബാധിതന് ആശ്വാസവും സമ്മാനിച്ച പ്രവര്‍ത്തനം.
കടപ്ലാമറ്റം പഞ്ചായത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ കോവിഡ് സെല്‍ അംഗവുമായ ആണ്ടൂര്‍ നവനീതം വീട്ടില്‍ എൻ. ബിജുവാണ് മാതൃകാപ്രവര്‍ത്തനം നടത്തിയത്.
ഇലയ്ക്കാടെ ഒരു വീട്ടിലെ മൂന്നംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവിനും സഹായികളായിരുന്ന മാതാവിനും സഹോദരിക്കുമാണ് രോഗം കണ്ടെത്തിയത്.
ഇതേ ആശുപത്രിയിൽ ചികിത്സയി ലുണ്ടായിരുന്ന ഒരു രോഗിക്ക് കോവിഡ് പോസിറ്റീവായ തോടെ ഇവർ മൂന്നുപേരും വീട്ടിൽ നിരീക്ഷണത്തിലാ യിരുന്നു.
ആര്‍ടിപിസിആര്‍ ഫലം ലഭിച്ചതോടെ കോവിഡ് സെല്ലില്‍ അംഗമായ ബിജു വിവരം രോഗിയുടെ കുടുംബത്തെയും ബന്ധുക്കളെയും അറിയിച്ചു.
തുടര്‍ന്ന് ഉഴവൂരിലെ കെ.ആര്. നാരായണന് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. ജോലിക്കുശേഷം നടപടികള്‍ ഉറപ്പാക്കാന്‍ ആണ്ടൂരിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ബിജു ഇലയ്ക്കാടുവഴി എത്തുകയായിരുന്നു.
കോവിഡ് ബാധിച്ച യുവാവിനു പരസഹായം കൂടാതെ വഴിയിലെത്താന്‍ കഴിയുമായിരുന്നില്ല. പലരെയും ബോധവത്കരിച്ചും ഉപദേശിച്ചും നോക്കിയെങ്കിലും നടപടികളുണ്ടായില്ല.
ഒടുവില്‍ കൈയില്‍ കരുതിയ പിപിഇ കിറ്റ് ധരിച്ച് ബിജു രോഗബാധിതനായ യുവാവിന്റെ വീട്ടിലെത്തുകയായിരുന്നു. അയല്‍വാസികളില്‍ ചിലര്‍ ടോര്‍ച്ചും എമര്‍ജന്‍സി വിളക്കുകളുമായെത്തി സഹായിച്ചു.
റോഡ് നിരപ്പില്‍ നിന്ന് ഏകദേശം എണ്‍പതടിയോളം താഴ്ചയിലുള്ള വീട്ടില്‍ നിന്ന് രോഗിയുമായി ഏറെ ആയാസപ്പെട്ടാണ് ബിജു റോഡിലെത്തിയത്.
കോവിഡ്ബാധിതരായ മാതാവിനോടും സഹോദരിയോടുമൊപ്പം സുരക്ഷിതമായി യുവാവും ഉഴവൂരിലെ ആശുപത്രിയിലെത്തിയെന്ന് ഉറപ്പാക്കിയാണ് ബിജു വീട്ടിലേക്ക് മടങ്ങിയത്.
ആരോഗ്യവകുപ്പിന്റെ കീഴില്‍ എറണാകുളത്ത് സേവനം ആരംഭിച്ച ബിജു രണ്ടു വര്‍ഷം മുന്‍പാണ് കടപ്ലാമറ്റത്തെത്തിയത്.
കുടക്കച്ചിറ ശ്രീവിദ്യാധിരാജ സ്കൂള്‍ അധ്യാപിക ശ്രീവിദ്യയാണ് ഭാര്യ. ഏകമകള്‍ നിള ബി. നായര്‍ തേനിയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.