ന്യൂഡൽഹി: പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് 49 എഫ്ഐആറുകളിലായി രണ്ട് കേസുകളാണ് നിലവിലുള്ളത്.
ഒന്ന് മോസ്ക് തകർത്തതുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന കർസേവകർക്കെതിരേയുള്ള കേസും മസ്ജിദ് തകർക്കുന്നതിനു ഗൂഢാലോചന നടത്തിയതും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയതിനും അഡ്വാനി അടക്കമുള്ള 20 പേർക്കെതിരേയുള്ള കേസും.
1992 ഡിസംബർ ആറിനു അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നന്പർ 197/1992, 198/1992 എന്നീ കേസുകൾ ആദ്യം യുപി പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ് സിംഗ്, വിനയ് കത്യാർ, വിഷ്ണു ഹരി ഡാൽമിയ, സതീഷ് പ്രധാൻ, സി.ആർ. ബൻസാൽ, ആർ.വി. വേദാന്തി, ജഗദിഷ് മുനി മഹാരാജ്, ബി.എൽ. ശർമ്മ, നൃത്യ ഗോപാൽ ദാസ്, ദാരാം ദാസ്, സതീഷ് പ്രധാൻ, ലല്ലു സിംഗ്, ചന്പത് റായി, പവൻ പാണ്ഡേ, സാദ്വി ഋതംബര തുടങ്ങിയ 32 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
48 പേർ ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും ശിവസേന തലവൻ ബാൽ താക്കറെ അടക്കമുള്ള 16 പേർ വിചാരണയ്ക്കിടെ മരിച്ചതിനാൽ ഒഴിവാക്കി.
381 സാക്ഷികളെ വിസ്തരിച്ചു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാ പ്രതികളും നേരിട്ടു ഹാജരാകണമെന്നു കോടതി നിർദേശിച്ചിരുന്നു. ഇതിൽ 26 പേർ മാത്രമാണ് ഇന്നലെ നേരിട്ടു ഹാജരായത്.
അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ് സിംഗ്, നൃത്യഗോപാൽ ദാസ്, സതീഷ് പ്രധാൻ എന്നിവർ നേരിട്ടു ഹാജരായില്ല.
നേതാക്കൾ പ്രതികാരവും ശത്രുതയും വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതുമായ രീതിയിൽ പ്രസംഗിച്ചെന്നും സിബിഐ നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷത്തിനു ശ്രമിക്കൽ), 153 ബി (രാജ്യത്തിന്റ അഖണ്ഡത തകർക്കാൻ ശ്രമിക്കൽ), 505 (ലഹളയും മറ്റും ലക്ഷ്യം വച്ച് തെറ്റായ വസ്തുതകളും, അപവാദങ്ങളും പ്രചരിപ്പിക്കൽ) എന്നീ കുറ്റങ്ങൾ ആയിരുന്നു ചുമത്തിയിരുന്നത്.
പിന്നീട് ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി കീഴ്ക്കോടതിയും അലഹാബാദ് ഹൈക്കോടതിയും റദ്ദാക്കിയെങ്കിലും സുപ്രീം കോടതി പുനഃസ്ഥാപിച്ചു.
ബാബറി മസ്ജിദ് നാൾവഴി
1528: മുഗൾ ഭരണാധികാരി ബാബറുടെ കമാൻഡർ മിർ ബാഖി ബാബറി മസ്ജിദ് നിർമിച്ചു
1885: ആദ്യത്തെ കോടതി വ്യവഹാരമുണ്ടാകുന്നു. തർക്കമന്ദിരത്തിനു പുറത്തുള്ള കൽമണ്ഡപത്തെ അന്പലമാക്കാൻ അനുവദിക്കണമെന്ന മഹന്ത് രഘുവീർ ദാസിന്റെ ഹർജി ഫൈസാബാദ് ജില്ലാ കോടതി തള്ളി.
1949: തർക്കമന്ദിരത്തിനു പുറത്ത് രാം ലല്ല വിഗ്രഹങ്ങൾ സ്ഥാപിച്ചു.
1950: രാം ലല്ല വിഗ്രഹങ്ങൾ ആരാധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗോപാൽ സിംഗ് വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നല്കി.
1959: തർക്കമന്ദിരത്തിന് അവകാശമുന്നയിച്ച് നിർമോഹി അഖാഡ ഹർജി നല്കി
1961: തർക്കമന്ദിരത്തിന് അവകാശമുന്നയിച്ച് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ഹർജി നല്കി.
1986 ഫെബ്രുവരി: തർക്കമന്ദിരം ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നു നല്കാൻ കോടതി സർക്കാരിനോടു നിർദേശിച്ചു.
1989 ഓഗസ്റ്റ്: തർക്കമന്ദിരം സംബന്ധിച്ച് തത്സ്ഥിതി തുടരാൻ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.
1989: നവംബർ തർക്കഭൂമിയിൽ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിനു തറക്കല്ലിട്ടു
1990: സെപ്റ്റംബർ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി എൽ.കെ. അഡ്വാനിയുടെ രഥയാത്ര
1992 ഡിസംബർ ആറ്: ബാബറി മസ്ജിദ് തകർക്കപ്പെട്ടു.
1992 ഡിസംബർ: ബാബറി മസ്ജിദ് കേസിൽ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തു. അജ്ഞാതരായ കർസേവകർ മോസ്ക് തകർത്തതിനായിരുന്നു ആദ്യ എഫ്ഐആർ. ബാബറി മസ്ജിദ് തകർക്കുന്നതിനു മുന്പായി നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, എം.എം. ജോഷി തുടങ്ങിയവർക്കെതിരെയായിരുന്നു രണ്ടാമത്തെ കേസ്.
1993 ഒക്ടോബർ: ബാബറി കേസിലെ ഗൂഢാലോചനയിൽ അഡ്വാനി അടക്കമുള്ളവരെ പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
2001 മേയ്: അഡ്വാനി, ജോഷി, ഉമാ ഭാരതി, ബാൽ താക്കറെ തുടങ്ങിയവർക്കെതിരെയുള്ള നടപടികൾ സിബിഐ പ്രത്യേക കോടതി തടഞ്ഞു. നടപടികളിലെ പിഴവ് തിരുത്താൻ സർക്കാരിനു കോടതി അവസരം നല്കി.
2004 നവംബർ: പ്രത്യേക കോടതിവിധിക്കെതിരെ സിബിഐ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.
2010 മേയ്: സിബിഐയുടെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി.
2010 സെപ്റ്റംബർ: തർക്കഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവർക്കായി വിഭജിക്കാമെന്ന് അലാഹാബാദ് ഹൈക്കോടതി ബെഞ്ചിന്റെ ഭൂരിപക്ഷ(2:1) വിധി.
2011 മേയ്: അയോധ്യ ഭൂമിതർക്കത്തിൽ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
2011 ഫെബ്രുവരി: ബാബറി മസ്ജിദ് തകർക്കപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു.
2017 മാർച്ച്: ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ അഡ്വാനി, ജോഷി, ഉമാഭാരതി തുടങ്ങിയവർക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു.
2019 നവംബർ: അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കൾക്കു നല്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ഉപാധികളോടെ രാമക്ഷേത്രം നിർമിക്കാൻ കോടതി അനുവാദം നല്കി. മുസ്ലിംകൾക്കു മോസ്ക് പണിയാൻ അഞ്ച് ഏക്കർ ഭൂമി നല്കാനും ഉത്തരവ്.
2020 ഓഗസ്റ്റ്: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
2020 സെപ്റ്റംബർ 30: ബാബറി മസ്ജിദ് തകർത്ത കേസിൽ അഡ്വാനി, ജോഷി എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു.