കോഴിക്കോട്: നയതന്ത്ര ബാഗേജു വഴി സ്വര്‍ണം കടത്തിയ കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള “മിനി കൂപ്പര്‍ ‘ വിവാദം വീണ്ടും ചര്‍ച്ചയാവുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിച്ച ജനജാഗ്രത യാത്രയുമായി ബന്ധപ്പെട്ടാണ് ആഡംബരകാറായ “മിനി കൂപ്പര്‍’ രാഷ്ട്രീയ രംഗത്ത് തരംഗമായി മാറിയത്.
കാരാട്ട് ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു കോടിയേരിയുടെ യാത്ര. കൊടുവള്ളി ടൗണിലൂടെ നടത്തിയ തുറന്ന വാഹന യാത്രക്കാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന ഫൈസലിന്റെ കാര്‍ ഉപയോഗിച്ചിരുന്നത്.
ഇതിനെതിരേ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. ഹവാല ഇടപാടുകാരുടെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കോടിയേരി യാത്ര നടത്തിയെന്നായിരുന്നു മുസ്ലീംലീഗ് ആരോപണം.
ജനജാഗ്രതായാത്ര കള്ളക്കടത്ത് സ്പോണ്‍സേര്‍ഡ് ജാഥയായി മാറിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതോടെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
അതേസമയം ഫൈസലിന്റെ മിനി കൂപ്പര്‍ കാര്‍ വ്യാജ വിലാസത്തിലാണു രജിസ്റ്റര്‍ ചെയ്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് അന്നത്തെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.ജെ. പോള്‍സന്റെ നിര്‍ദേശ പ്രകാരം കൊടുവള്ളി എംവിഐ ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഫൈസലിന്റെ പേരിലുള്ളതെന്നു പറയുന്ന കാര്‍ പോണ്ടിച്ചേരിയിലെ നമ്പര്‍ 4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, എന്ന വിലാസത്തില്‍ താമസിക്കുന്ന ശിവകുമാര്‍ എന്ന അധ്യാപകന്റെ പേരാണ് രജിസ്ട്രേഷന് നല്‍കിയത്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ സര്‍ക്കാരിന് എട്ടു ലക്ഷത്തോളം രൂപ നികുതി ലഭിക്കും. ഇതു വെട്ടിക്കാനാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്നാണ് ആരോപണം.