തൃശൂർ: സംഗീത നാടക അക്കാദമിക്കു മുന്നിൽ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ കുത്തിയിരിപ്പു സമരം നടത്തി.
സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നൽകിയതു നിരസിച്ചതിനെ തുടർന്നാണു രാമകൃഷ്ണൻ അക്കാദമിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
രാമകൃഷ്ണന്റെ അപേക്ഷ തള്ളിയ അക്കാദമി ഇതു സ്ത്രീകൾക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ ഉന്നയിച്ചിരുന്നു.
അക്കാദമിയുടെ മാനുവലിലോ ഏതെങ്കിലും ചട്ടങ്ങളിലോ നൃത്തപരിപാടിക്കായി തയാറാക്കിയ നിയമങ്ങളിലോ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നു മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണൻ പറഞ്ഞു.
തന്നെ വിലക്കിയതു ലിംഗവിവേചനവും ജാതി വിവേചനവുമാണെന്നും രാമകൃഷ്ണൻ പരാതിപ്പെട്ടു.
അതേസമയം ആരോപണം അക്കാദമി അധികൃതർ നിഷേധിച്ചു. ഓൺലൈൻ മോഹിനിയാട്ടം നൃത്തപരിപാടി സംബന്ധിച്ച പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്നും അപേക്ഷ ക്ഷണിക്കുക മാത്രമാണു ചെയ്തതെന്നും അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ പറഞ്ഞു.