ആലുവ: ജോലിക്കു നിന്നിരുന്ന വീട്ടിൽനിന്നും പന്ത്രണ്ട് പവനോളം സ്വർണം കവർന്ന കേസിൽ വേലക്കാരിയും കാമുകനും അറസ്റ്റിൽ.
ഇടുക്കി സ്വദേശികളായ ബാല ഗ്രാമത്തിൽ വിദ്യ അനിൽകുമാർ (32) ഇവരുടെ കാമുകൻ രാമക്കൽമേഡ് ജെയ്സൻ മോൻ (38) എന്നിവരെ ആലുവ ഈസ്റ്റ് സിഐ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
ഇടുക്കി കട്ടപ്പനയിൽ ഇരുവരും ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.
ആലുവ എസ്പി ഓഫീസിന് പിൻഭാഗത്തുള്ള വീട്ടിലെ വേലക്കാരിയായിരുന്നു അറസ്റ്റിലായ വിദ്യ.
ഒരു മാസം മുമ്പ് ഈ വീട്ടിൽനിന്നും പന്ത്രണ്ട് പവനോളം സ്വർണം കാണാതെ പോയിരുന്നു. ആലുവ ഈസ്റ്റ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംശയമുള്ളവരുടെ കൂട്ടത്തിൽ വേലക്കാരിയെയും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു.
പിന്നീട് ഇവരെ ജോലിയിൽനിന്നും പറഞ്ഞു വിട്ടു.കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ്ഐ വിനോദും സംഘവും കട്ടപ്പനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്താവുന്നത്.
ആലുവയിൽനിന്നും കവർന്ന സ്വർണം വിദ്യയും കാമുകനും ചേർന്ന് വിൽക്കുകയും തുടർന്നു പുതിയ സ്വർണം വാങ്ങുകയുമായിരുന്നു. ഇതിൽ ഒരു ഭാഗം പിന്നീട് പണയപ്പെടുത്തി ആഡംബര ജീവിതം നയിച്ചു വരുന്നതിനിടയിലായിരുന്നു അറസ്റ്റ്.
ഭർത്താവുമായി പിണങ്ങി പിരിഞ്ഞു കഴിയുകയായിരുന്നു വിദ്യ.റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദേശപ്രകാരം ആലുവ ഡിവൈഎസ്പി ജി.വേണുവിനായിരുന്നു അന്വേഷണ ചുമതല.
സിഐയെ കൂടാതെ എസ്ഐമാരായ ആർ.വിനോദ്, ജെർട്ടീന ഫ്രാൻസിസ്, ടി.വി. ഷാജു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഹി, മീരാൻ, നിയാസ്, സാലി മോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.