സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വിടാതെ പിന്തുടര്ന്ന് അന്വേഷണ എജന്‍സികള്‍.
സ്വര്ണകടത്തുമായിബന്ധപ്പെട്ട് കൊടുവള്ളിയിലെ വന്‍കിട ജ്വലറികളിലും പ്രമുഖരിലും വിവിധ മതസംഘടനകളിലും എത്തിയ വലിയ തുക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന നിര്‍ണായക സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
അനധികൃതമായി കടത്തിയ സ്വര്‍ണത്തിലൂടെ ലഭിച്ച വരുമാനം അടുത്തിടെ നടന്ന പൗരത്വനിയമബില്ലിനെതിരായ സമരം ആളിക്കത്തിക്കാനും നിരോധിച്ച വിവിധ സംഘടനകളുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും ഉപയോഗിച്ചോ എന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
ഇതിനുള്ള തെളിവുകളും സമരമുഖത്തെ പ്രധാന നേതാക്കളെകുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. ഫലത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും തുടര്‍ അറസ്റ്റ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മതിയെന്നാണ് തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ കൊടുവള്ളിയിലെ വിവിധസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രഹസ്യമായ അന്വേഷണവും നടക്കുന്നുണ്ട്.കാരാട്ട് ഫൈസല്‍ എക്സി.ഡയറക്ടറായ കൊടുവള്ളി കിംസ് ട്രസ്റ്റ് ആശുപത്രിയില്‍ കസ്റ്റംസ് കഴിഞ്ഞ ദിവസം റെയ്ട് നടത്തിയിരുന്നു.
ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന സമയത്തുതന്നെയായിരുന്നു റെയ്ഡും. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ ഫൈസലിന്റെ വീട്ടിലും കസ്റ്റംസ് തെരച്ചില്‍ നടത്തിയിരുന്നു.
അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നത്.കൊച്ചിയില്‍ എത്തിച്ച ഫൈസലിനെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ സംഘവും കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.
തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകാനും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിനാണ് നിലവില്‍ ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഫൈസല്‍ പലതവണ സന്ദീപിനെ കാണാന്‍ തിരുവനന്തപുരത്ത് വന്നെന്നും സ്വര്‍ണക്കടത്തിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നുമായിരുന്നു അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നത്.
അതേസമയം മലബാറിലെ രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഫൈസലിനെ പറ്റിയുള്ള അന്വേഷണം ഏതറ്റം വരെ പോകുമെന്നാണ് ഇനി അറിയാനുള്ളത്.