പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 239 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരാണ്. 31 പേരുടെ ഉറവിടവും വ്യക്തമല്ല. ഇന്നലെ 2,110 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
ജില്ലയില്‍ 8,311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5,920 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 49 മരണമാണ് കോവിഡ് മൂലം ഉണ്ടായത്. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര് മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ കോവിഡ് മൂലമുളള മരണനിരക്ക് 0.59 ശതമാനവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.44 ശതമാനവുമാണ്.ചികിത്സയിലുള്ളവരുടെ എണ്ണം വര്‍ധിച്ചതോടെ മല്ലപ്പള്ളി, നെടുമ്പ്രം എന്നിവിടങ്ങളില്‍ സജ്ജമായിരുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിച്ചു തുടങ്ങി.
ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 868 പേര് വീടുകളില്‍ ചികിത്സയിലുണ്ട്. 1917 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്.വിവിധ സമ്പര്‍ക്കപ്പട്ടികയിലെ 14,262 പേരുള്‍പ്പെടെ 19,935 പേരാണ് നിരീക്ഷണത്തിലുള്ളത്.