അമ്പലപ്പുഴ: പോപ്പുലർ ഫിനാൻസ് അമ്പലപ്പുഴയിലും വൻ നിക്ഷേപ തട്ടിപ്പ്. തട്ടിപ്പുനടത്തിയതിൻെറ പേരിൽ അടച്ചുപൂട്ടിയ പോപ്പുലർ ഫിനാൻസ് അമ്പലപ്പുഴ ശാഖയിൽ നിന്നും മുക്കിയത് രണ്ടു കോടിയോളം രൂപ.
അമ്പലപ്പുഴ പോലീസിൽ 40 ഓളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് പോലീസ് നിഗമനം. അമ്പലപ്പുഴയിൽ ഒരിടവേളക്ക് ശേഷം നടന്ന ഏറ്റവും വലിയ നിക്ഷേപതട്ടിപ്പാണിത്.
പരാതി കൊടുക്കാതെ പലരും
ജോലിയിൽ നിന്നും വിരമിച്ചവരാണ് പരാതി നൽകിയവരിൽ അധികവും. എന്നാൽ ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണ് സൂചന. പുറത്ത് പറയാൻ കഴിയാത്ത തുകയായതിനാൽ പലരും പോലീസിൽ പരാതി നൽകാനും മുന്നോട്ടുവന്നിട്ടില്ല.
ട്രഷറിയിൽ നിന്നും വിരമിച്ച ഒരാളാണ് ഇതിൻെറ മാനേജർ. അമ്പലപ്പുഴ സ്വദേശികൂടിയായ ഇയാളുടെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്.
സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി ലഭിക്കും എന്ന പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും ഇവിടെ പണം നിക്ഷേപിച്ചത്. ഒന്നു മുതൽ അഞ്ച് ലക്ഷം വരെയാണ് ഇത്തരക്കാർ നിക്ഷേപിച്ചതെങ്കിലും കണക്കിൽ കാണിക്കാൻ പറ്റാത്തതിൻെറ പേരിലാണ് ചില ഉന്നതർ ഭീമമായ തുക നിക്ഷേപം നടത്തിയതെന്നാണ് അറിവ്.
പരാതികളുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തുവരുകയാണ്. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങൾ ഉള്ളത്അമ്പലപ്പുഴയിലാണ്. വിവിധ വായ്പകൾ വാഗ്ദാനം നൽകിയാണ് ശാഖകൾ ആരംഭിക്കുന്നത്.
ശാഖകളിൽ ജോലി ചെയ്യുന്ന ജീവനക്കാരും നിക്ഷേപകരെ കണ്ടെത്തേണ്ടതുണ്ട്. ജോലി ഉറപ്പുവരുത്തുന്നതിനായി ഇവരുടെ ബന്ധങ്ങൾ ഉപയോഗിച്ചാണ് നിക്ഷേപകരെ കണ്ടെത്തുന്നത്.
അമിത പലിശയ്ക്കു പുറമേ…
എട്ട് മുതൽ 12 ശതമാനം വരെ പലിശ വാഗ്ദാനം നൽകിയാണ് ഇവർ തുക സ്വീകരിക്കുന്നത്. നിക്ഷേപ കാലയളവ് കണക്കാക്കി പലിശയ്ക്കുപുറമെ മറ്റ് വാഗ്ദാനങ്ങളും നൽകാറുണ്ട്.
അമ്പലപ്പുഴയിൽ 10 ഓളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. പോപ്പുലർ ഫിനാൻസിൻെറ ശാഖ അടച്ചതോടെ മറ്റ് പല പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചിട്ടുള്ള തുക പലരും
പിൻവലിക്കാൻ ഒരുങ്ങിയെങ്കിലും കാലാവധി പൂർണ്ണമാക്കാത്തതിനാൽ പലർക്കും നിക്ഷപത്തുക നൽകാൻ ബാങ്ക് തയാറായിട്ടില്ല. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ചിട്ടി സ്ഥാപനങ്ങളുടെ പേരിലാണ് അമ്പലപ്പുഴയിൽ സാമ്പത്തിക തട്ടിപ്പുമായി ആദ്യം എത്തുന്നത്. ചെറിയ തുകയിൽ ആരംഭിച്ച ചിട്ടികൾ പിന്നീട് ലക്ഷങ്ങളിലെത്തി. പലരിൽനിന്നും തുക കൈപ്പറ്റിയതിന് ശേഷം സ്ഥാപനം അടച്ചു പൂട്ടുകയായിലുന്നു.
ഇത്തരത്തിലുള്ള വിവിധ ചിട്ടി സ്ഥാപനങ്ങളാണ് അമ്പലപ്പുഴയിൽ കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇതിൻെറ കേസ് തുടരുന്നതിനിടെയാണ് അമിത പലിശ വാഗ്ദാനം നൽകി വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ അമ്പലപ്പുഴയിൽ തഴച്ചുവളരുന്നത്.