ന്യൂഡൽഹി: മൊറട്ടോറിയം കാലാവധിക്കാലത്തെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നതാണ് ഒഴിവാക്കുക.
മൊറട്ടോറിയം ഇളവുകൾ വാങ്ങിയാലും ഇല്ലെങ്കിലും എല്ലാ ഇടപാടുകാർക്കും ഈ ആനുകൂല്യം നൽകും. രണ്ട് കോടിയിൽ കൂടുതലുള്ള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാകില്ല.
ചെറുകിട, വിദ്യാഭ്യാസ, ഭവന, വാഹന, പ്രൊഫഷണൽ ലോണുകൾക്കും, ക്രെഡിറ്റ് കാർഡ് തുകകൾക്കും പിഴപ്പലിശയിലെ ഈ ഇളവ് ബാധകമാണ്. നേരത്തേ പിഴപ്പലിശ ഒഴിവാക്കാനാകില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.
എന്നാൽ, ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കുന്ന നിർദേശങ്ങൾ പഠിച്ച് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ രൂപീകരിച്ച വിദഗ്ധസമിതി പിഴപ്പലിശ ഒഴിവാക്കണമെന്ന നിർദേശമാണ് നൽകിയത്. ഇത് പരിഗണിച്ചാണ് പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചത്.
പിഴ പലിശ ഒഴിവാക്കുന്നതിലൂടെ 6000 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്ക് ഉണ്ടാകും എന്നാണ് കണക്കാക്കെപ്പടുന്നത്. മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് ആറ് ലക്ഷം കോടി യുടെ ബാധ്യത ഉണ്ടാകും എന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.