കൊല്ലം: ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കടപ്പാക്കടയിൽ സ്വകാര്യ ആശുപത്രി നടത്തിവരികയായിരുന്ന ഡോ.അനൂപ് കൃഷ്ണ (37)ആത്മഹത്യ ചെയ്ത സംഭവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.
കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവ് നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി ഹൃദയാഘാതത്തെതുടർന്ന് മരിച്ചിരുന്നു.
മരണത്തിനിടയാക്കിയത് ചികിത്സാപിഴവാണെന്ന് കാണിച്ച് കുട്ടിയുടെരക്ഷിതാക്കൾ ഈസ്റ്റ് പോലീസിൽ പരാതിയും നൽകി. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഡോക്ടറെ കൈത്തണ്ട മുറിച്ചശേഷം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.
ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ ഡോക്ടറേയും കുടുംബത്തെയും ആക്ഷേപിച്ച് പോസ്റ്റുകൾ വന്നിരുന്നു.ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ പ്രചരണം നടത്തിയിരുന്നു. ഇതിൽ ഡോക്ടർ അസ്വസ്ഥനായിരുന്നു. കുട്ടിയുടെ മരണവും തുടർന്നുള്ള സംഭവവും ഡോക്ടറെ ഏറെ വിഷമിപ്പിച്ചിരുന്നു.
സുഹൃത്തുക്കളിൽ പലരോടും തന്റെ നിരപരാധിത്വം ഡോക്ടർ പറഞ്ഞിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. കുട്ടി മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം കുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.
കൈകാലുകൾക്ക് ജന്മനാ ഉണ്ടാകുന്ന വളവുകൾ മാറ്റി നേരേയാക്കുന്ന ശസ്ത്രക്രിയകളിൽ വിദഗ്ധനായിരുന്നു അനൂപ്.