ഏറ്റുമാനൂർ: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 33-ാം വാർഡിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിനുസമീപം കാടു കയറി കിടക്കുന്നതു നാട്ടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ നിന്നും ശുചിത്വമിഷൻ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഈ കെട്ടിടത്തിലാണ്. ജനലുകളും വാതിലുകളും വയ്ക്കാത്ത തുറന്നു കിടക്കുന്ന കെട്ടിടത്തിൽ മാസങ്ങളോളമാണ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.
കെട്ടിടത്തിൽ മദ്യപാനവും അനാശ്വാസ്യപ്രവർത്തനങ്ങളും നടക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. നിരവധി തവണ കളക്ടർ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
കാടുകയറിക്കിടക്കുന്നതു മൂലം ഇഴജന്തുക്കൾ, തെരുവ് നായ്ക്കൾ, കാട്ടുമാക്കാൻ, മരപ്പട്ടി തുടങ്ങിയ ജീവികളുടെ വിഹാരകേന്ദ്രമായി പ്രദേശം മാറിയിരിക്കുകയാണ്.
മുനിസിപ്പാലിറ്റി റോഡായ കച്ചേരികുന്ന് – ചന്ദ്രൻ കുന്നേൽ റോഡിന്റെ വശത്ത് ബ്ലോക്ക് പഞ്ചായത്ത് വക ഉപയോഗ ശൂന്യമായ കിണർ ഇടിഞ്ഞു കിടക്കുന്നതും റോഡിലൂടെ പോകുന്നവർക്കു ഭീഷണിയാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു വാകമരം ഏതുനിമിഷവും തൊട്ടടുത്തുള്ള വീട്ടിലേക്കു മറിഞ്ഞു വീഴാവുന്ന അവസ്ഥയിലുമാണ്.