ആലുവ: പോലീസുകാർക്കിടയിൽ വ്യത്യസ്തനാകുകയാണ് ആലുവ കൺട്രോൾ റൂം എസ്ഐ മുഹമ്മദ് കബീർ.
സ്വന്തം കീശയിൽനിന്നും ഒന്നേകാൽ ലക്ഷം രൂപ മുടക്കി പോലീസ് ക്വാർട്ടേഴ്സ് വളപ്പിലെ കുടിവെള്ള കിണറിനു പുതുജീവൻ നൽകിയാണ് സഹപ്രവർത്തകർക്ക് പ്രിയങ്കരനായ കബീർ സാർ ഇക്കുറി താരമായത്.
ഈ സത്പ്രവൃത്തിക്കൊണ്ടാണ് മൂന്നര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ച പോലീസ് സേനയ്ക്ക് നിറഞ്ഞു തുളുമ്പുന്ന സ്നേഹ കിണർ പകരമായി നൽകിയത്.
സേനയിൽ സേവനം അവസാനിപ്പിക്കാൻ എസ്ഐ കബീറിന് ശേഷിക്കുന്നത് കേവലം രണ്ടു വർഷം മാത്രമാണ്. ക്വാർട്ടേഴ്സിൽ ഒരു കിണറെന്ന ആശയം അദേഹത്തിന്റെ മനസിലുദിച്ചത് 2018ലെ മഹാപ്രളയ കാലത്താണ്.
പ്രളയത്തിൽ ആലുവ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താളം തെറ്റിയപ്പോൾ കുടിവെള്ള ക്ഷാമത്താൽ പോലീസ് കടുംബങ്ങൾ ദുരിതത്തിലായി.
രക്ഷാപ്രവർത്തകർക്കുള്ള ദാഹജലത്തിനായി എല്ലാവരും നെട്ടോട്ടമായപ്പോൾ ഇതിന്റെ ചുമതല വഹിച്ചിരുന്ന എസ്ഐ കബീറും അങ്കലാപ്പിലാകുകയായിരുന്നു.
പഴയ തലമുറയിൽപ്പെട്ട ഒരു പരിസരവാസിയാണ് ക്വാർട്ടേഴ്സിന് പിന്നിലെ കിണറിനെക്കുറിച്ചുള്ള സൂചന കബീറിനെ അറിയിക്കുന്നത്. തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി കിണർ നന്നാക്കി മാലിന്യങ്ങൾ നീക്കം ചെയ്തുതു.
പുതുതായി 14 റിംഗുകൾ ഇറക്കി ആഴം വർധിപ്പിച്ചു. ടൈലും കോൺഗ്രീറ്റ് കട്ടകളും വിരിച്ച് മോടികൂട്ടി. റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് കിണർ ഉദ്ഘാടനം ചെയ്തു.
എസ്ഐ മുഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. എഎസ്പി ഇ.എൻ. സുരേഷ്, ഡിവൈഎസ്പിമാരായ ജി. വേണു, ആർ. റാഫി, മധു ബാബു, എം.കെ. മുരളി, അജിത്ത് കുമാർ, കെ.എം. ഷെമീർ എന്നിവർ സംബന്ധിച്ചു.