റാന്നി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീക്കൊഴൂർ പാലച്ചുവട് തൈപ്പറന്പിൽ പരേതനായ ജോസഫിന്റെ ഭാര്യ റിട്ടയേഡ് കൃഷി ഓഫീസർ റേച്ചൽ ജോസഫാ (കുഞ്ഞുഞ്ഞമ്മ-77)ണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ ബന്ധുക്കളായ അയൽ വാസിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസവും രാവിലെ പാല് വാങ്ങാൻ അടുത്ത വീട്ടിൽ എത്തുമായിരുന്നു.
ഫോണ് വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നാണിവർ അന്വേഷിച്ചെത്തിയത്. വീടിന്റെ പിൻഭാഗത്തെ വാതിൽ ശരിയായി പൂട്ടിയിരുന്നില്ല. തള്ളി നോക്കിയപ്പോൾ തന്നെ തുറന്നതായി ബന്ധുക്കൾ പറഞ്ഞു.
അടുക്കളയിലും കിടപ്പുമുറിയിലും രക്തം പുരണ്ടിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പൻ പറഞ്ഞു.
അടുക്കളയിൽ വീണ് പരിക്കേറ്റ ശേഷം കിടപ്പുമുറിയിലെത്തുകയും പിന്നീട് കുളിമുറിയിലെത്തിയപ്പോൾ വീണ് മരിക്കുകയും ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്.
ധരിച്ചിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, റാന്നി ഇൻസ്പെക്ടർ പി.എസ്.വിജയൻ, എസ്ഐ എച്ച്. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
മക്കൾ: ബിജി (ബറോഡ), ബിനു (മസ്ക്കറ്റ്). മരുമക്കൾ: റീന,ഷിനി. സംസ്കാരം പിന്നീട്.