കൊച്ചി: മെട്രോ യാത്രയ്ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനമൊരുക്കി കൊച്ചി മെട്രോ.
കൊച്ചി വണ്‍ ആപ്പ് ഉപയോഗിച്ചു ഡൗണ്‍ ലോഡ് ചെയ്യുന്ന ടിക്കറ്റ് ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റില്‍ (എഎഫ്സി) സ്കാന്‍ ചെയ്തു പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചു യാത്ര ചെയ്യാം.
കോവിഡ് കാലത്ത് ടിക്കറ്റ് കൗണ്ടറില്‍ കാത്തു നില്ക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ സംവിധാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
ലോക്ക് ഡൗണിനു ശേഷം സെപ്റ്റംബര്‍ ഏഴിന് കൊച്ചി മെട്രോ പുനരാരംഭിച്ചതു മുതല്‍ പണമിടപാട് കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം കൗണ്ടറുകളില്‍ ഒരുക്കിയിരുന്നു.
പണം നല്കേണ്ടവര്ക്കു കൗണ്ടറിനു സമീപമുള്ള പെട്ടികളില്‍ ടിക്കറ്റ് നിരക്ക് ഇടാനും സംവിധാനമുണ്ട്.
സാനിറ്റൈസ് ചെയ്ത നോട്ടുകളാണ് കൗണ്ടറില്‍ യാത്രക്കാരനു ബാക്കിയായി നല്‍കുക. സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കിളവോടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുമാകും.