കോതമംഗലം: നടി ശരണ്യക്ക് ചികിത്സ ഒരുക്കി നെല്ലിക്കുഴി പീസ് വാലി. ബ്രെയിൻ ട്യൂമറിനുള്ള സർജറിക്കു ശേഷം ശരീരം തളർന്നുപോയ ശരണ്യ ശശി രണ്ടു മാസം മുന്പാണ് കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിൽ എത്തുന്നത്.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. ചോട്ടാ മുംബൈ, ബോംബെ, മാർച്ച് 12 എന്നീ സിനിമകളിൽ മോഹൻലിനോടും മമ്മൂട്ടിയോടുമൊപ്പം അഭിനയിച്ചിട്ടുണ്ട്.
ബ്രെയിൻ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് 2012 മുതൽ ഏഴു തവണ തിരുവനന്തപുരം ശ്രീചിത്രയിൽ സർജറിക്ക് വിധേയയായിരുന്നു.
ഏഴാമത്തെ സർജറിക്കു ശേഷമാണ് ശരീരം പൂർണമായും തളർന്നു പോയത്. ശരീരം തളർന്നുപോയ ശരണ്യക്ക് പീസ് വാലിയിലെ ചികിത്സയിലൂടെ വളരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
രണ്ട് മാസം മുന്പ് ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു ശരണ്യ. ഇപ്പോൾ ഓർമയും തിരിച്ചു കിട്ടിയിട്ടുണ്ട്.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യയും കുടുംബവും തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശരണ്യയുടെ വരുമാനമായിരുന്നു.