വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ചികിത്സയ്ക്കിടെ കാറിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ട്രംപിന്റെ യാത്രയ്ക്കെതിരെ വലിയ വിവാദങ്ങളാണ് അരങ്ങേറുന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് ട്രംപിന്റെ കാർ യാത്ര.
ട്രംപിന്റെ കാർ യാത്ര അനാവശ്യമായിരുന്നുവെന്നും വിമർശനങ്ങൾ ഉണ്ട്. ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവർ 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടിവരും.
അവർക്കും കോവിഡ് വന്നേക്കാം. അവർ രോഗം ബാധിച്ച് മരിക്കാനും ഇടയുണ്ട്. രാഷ്ട്രീയ നാടകത്തിനായി അവരുടെ ജീവൻ അപകടത്തിലാക്കാനും ട്രംപ് ശ്രമിച്ചുവെന്നും വാൾട്ടർ റീഡ് മിലിട്ടറിയിലെ ഡോക്ടർ ജയിംസ് പി. ഫിലിപ്പ് ആരോപിച്ചു.
അതേസമയം അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ട്രംപ് ഇന്ന് ആശുപത്രി വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നതായി വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് ആദ്യദിനം 94 ശതമാനത്തിനും താഴെയായിരുന്നു.
പിന്നീട് 90 ശതമാനത്തിനു താഴെയായി മാറിയിരുന്നു. നിലവിൽ 98 ശതമാനത്തിനു മുകളിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.