പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റ് പദവി മോഹിക്കുകയോ പാർട്ടികൾ ആ സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയോ ചെയ്യാൻ സാധ്യതയുള്ള പ്രമുഖരായ പലരുടെയും വാർഡുകൾ വനിതാ വാർഡുകളോ പട്ടികജാതി സംവരണ വാർഡുകളോ ആയി മാറി.
പലരും സ്വന്തമെന്ന് കരുതി താലോലിക്കുകയും പരിപാലിച്ചും കാത്തു സൂക്ഷിച്ച വാർഡുകളാണ് നറുക്കെടുപ്പിലൂടെ നഷ്ടമായിരിക്കുന്നത്. പകരം ജയിക്കാൻ പറ്റുന്ന വാർഡുകൾ കണ്ടെത്തുക പലർക്കും ശ്രമകരമോ അസാധ്യമോ ആണ്.
ജയിക്കുമെന്ന് ഉറപ്പുള്ള പല സീറ്റുകളിലും പ്രമുഖരുടെ ഭാര്യമാർ സ്ഥാനാർഥികളാകാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സിപിഎം കാരനുമായ എം സുഭാഷിന്റെ പ ്ലാക്കാട് വാർഡ് വനിതാ വാർഡായി.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും സിപിഐ നേതാക്കളും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എൻ.അജയകുമാറിന്റെ മൈലക്കാടും നാസിറുദീന്റെ കുണ്ടുമൺ എന്നീ വാർഡുകളും വനിതാ വാർഡുകളായി. കോൺഗ്രസ് നേതാക്കളും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എം.മധുസൂദനനന്റെ കൈതക്കുഴി വാർഡും സജി സാമുവലിന്റെ വാർഡും വനിതാ സംവരണമായി.
ചിറക്കര ഗ്രാമപഞ്ചായത്തിലാണ് സിപിഎമ്മിന് ശക്തമായ പ്രഹരമേറ്റത്. തലയെടുപ്പുള്ള നേതാക്കളുടെ എല്ലാം വാർഡുകൾ വനിതാ സംവരണമായി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡന്റ്ൃ ജി.പ്രേമചന്ദ്രനാശാൻ, സ്ഥിരം സമിതി അധ്യക്ഷരായ ഉല്ലാസ് കൃഷ്ണൻ, എം.മധുസൂദനൻ പിള്ള എന്നിവരുടെ വാർഡുകൾ വനിതാ സംവരണമായപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സുനിലിന്റെ കൊച്ചാലുംമൂട് വാർഡ് പട്ടികജാതി വനിതാ വാർഡായി.
ഇവരെല്ലാം സി പി എമ്മിന്റെ പ്രമുഖരും പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യതയുള്ളവരുമായിരുന്നു. പഞ്ചായത്ത് പ്രസിഡൻറും സി പി ഐ നേതാവുമായ ടി.ആർ ദി പുവിന്റെ കോളേജ് വാർഡും വനിതാ വാർഡായി.
ചിറക്കര ഗ്രാമപഞ്ചായത്തിലെ അതേ അവസ്ഥയിലായി പ്രമുഖ രാഷട്രീയ പാർട്ടികൾ കല്ലുവാതുക്കൽ പഞ്ചായത്തിലും. വൈസ് പ്രസിഡൻറായിരുന്ന സി പി എം കാരനായ ആർ.എം. ഷിബുവിന്റെ കരിമ്പാലൂർ വാർഡ് വനിതയായി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.അംബികാ കുമാരിയുടെ വാർഡ് പട്ടികജാതി സംവരണമായി. സിപിഎം ഇനി പുതിയ ആളുകളെ കണ്ടെത്തേണ്ട സ്ഥിതിയാണ്. കോൺഗ്രസിലെ പ്രമുഖരും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ എസ്.എസ്.സിമ്മി ലാലിന്റെ കോട്ടയേക്കാറവും ആർ.ഡി.ലാലിന്റെ വേളമാനുരും അവർക്ക് നഷ്ടമായി. സിപിഐയുടെ അവസ്ഥയും ഇതേതരത്തിലാണ്.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ അംഗങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡന്റ് നിമ്മിയുടെ കല്ലുവെട്ടാം കുഴി പട്ടികജാതി വനിതാ സംവരണമായി.
മുൻ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ നേതാവുമായ വി.സണ്ണിയുടെ കാരംകോട് വനിതാ വാർഡായി. ചാത്തന്നൂർ പഞ്ചായത്തിലെ പ്രമുഖരായ ബിജെപിയുടെ കളിയാക്കുളം ഉണ്ണിയുടെ കളിയാക്കുളം, സിപിഐയിലെ നജിംതോട്ടത്തിലിന്റെ കോട്ടുവാതുക്കൽ, സി പി എമ്മിലെ എ സുരേഷിന്റെ ഞവരുർ, ആർഎസ് പി യിലെ കൃഷ്ണ കുമാറിന്റെ മീനാട്, കോൺസിലെ സുഭാഷ് പുളിക്കലിന്റെ പാലവിള കേരളാ കോൺഗ്രസിലെ കെ.ചാക്കോയുടെ ഏറം തുടങ്ങിയ വാർഡുകളും വനിതാ വാർഡുകളായി.