ജോണ്സണ് വേങ്ങത്തടം
കൊച്ചി: മയക്കുമരുന്നു കേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്. ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബംഗളൂരു എന്‍ഫോഴ്സ്മെന്റ് നാളെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിന് നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് ബിനീഷ് ഇന്ന് രാവിലെ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്, അനിഖ എന്നിവരെ ജിയിലിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ മുഹമ്മദ് അനൂപില്നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്കി സഹായിച്ചെന്നും മുഹമ്മദ് അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു.
ഇഡിക്ക് മുന്നില്‍ ഇതു രണ്ടാം തവണയാണ് ബിനീഷ് കോടിയേരി ഹാജരാകുന്നത്. നേരത്തെ സ്വര്‍ണക്കടത്തു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ഒമ്പതിനു ഇഡി കൊച്ചി യൂണിറ്റും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.