കോട്ടയം: പോലീസിനെ വെട്ടിച്ചു റബർ തോട്ടത്തിൽ ഒളിച്ച മൂന്നംഗ മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. മൂന്നാമനെ പിടികൂടാനുള്ള തിരച്ചിൽ തുടരുന്നു.
മണർകാട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെയാണ് ഇന്നു രാവിലെ പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലാവരുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ടെന്ന് പാലാ ഡിവൈഎസ്പി സാജു വർഗീസ് രാഷ്്ട്രദീപികയോട് പറഞ്ഞു.
ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ പ്രായപൂർത്തിയായ ആളാണ്. ഇയാളെക്കുറിച്ചും പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളും ഇവർ ഒളിച്ചിരുന്ന റബർ തോട്ടത്തിലുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
ഏതാണ്ട് ഒരു ദിവസത്തിലധികം മേലുകാവ്, പാലാ, ഈരാറ്റുപേട്ട, തിടനാട് സ്റ്റേഷനുകളിലെ പോലീസിനെ വട്ടംകറക്കിയ മൂന്നംഗ സംഘത്തിലെ രണ്ടു പേരെയാണ് ഇന്നു രാവിലെ പിടികൂടിയത്.
പോലീസനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതികൾ ഇന്നലെ രാവിലെ ഏക്കറുകളോളം വരുന റബർ തോട്ടത്തിൽ കയറി ഒളിക്കുകയായിരുന്നു. റബർ തോട്ടത്തിലേക്കു പ്രതികൾ പോകുന്നതു കണ്ടതായി സമീപ വാസികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തിയതോടെയാണ് രണ്ടു പേരെ പിടികൂടാൻ സാധിച്ചത്.
മോഷ്്ടിച്ച ബൈക്കുമായി ഇന്നലെ പുലർച്ചെ മേലുകാവിലെ കടയിൽ മോഷണശ്രമം നടത്തുന്നതിനിടയിൽ സംഘത്തെ സെക്യുരിറ്റി കണ്ടതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
മേലുകാവിൽ നിന്നും പോന്ന സംഘം പ്രവിത്താനത്ത് എത്തി അവിടെയുള്ള മൊബൈൽ ഫോണ് കടയിൽ മോഷണത്തിനു ശ്രമിച്ചു. ഈ സമയം പോലീസ് എത്തിയതോടെ സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു. പോലീസ് സംഘം പിന്നാലെ പുറപ്പെട്ടു.
ഇതോടെ മോഷ്ടക്കളുടെ സംഘം സഞ്ചരിച്ച ബൈക്ക് ഉൗടുവഴികളിലുടെ പാഞ്ഞു. പോലീസ് പാലാ, ഈരാറ്റുപേട്ട, മേലുകാവ്, തിടനാട്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ബൈക്ക് ഉൗടുവഴികളിലൂടെ പായുന്നതിനനുസരിച്ചു പോലീസ് സംഘം വിവരങ്ങൾ അതാത് സ്റ്റേഷനുകളിലേക്കു അറിയിക്കുകയും ചെയ്തിരുന്നു.
ഇതോടെ ബൈക്കിലെത്തുന്ന സംഘത്തെ പിടികൂടുന്നതിനുള്ള തയാറെടുപ്പുകളുമായി പോലീസ് സംഘങ്ങളും റോഡിൽ കാത്തുനിന്നു. ഇടയ്ക്കു വച്ച് സംഘം പോലീസിനെ വെട്ടിച്ചു കടന്നു. നേരം വെളുത്തതോടെ മോഷ്ടാക്കൾക്കു പീന്നിട് സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയായി.
ഒടുവിൽ തിടനാട് കാളകെട്ടി കൊച്ചുകാവ് ഭാഗത്ത് എത്തിയ സംഘം ബൈക്ക് റബർ തോട്ടത്തിൽ ഉപേക്ഷിച്ചശേഷം തോട്ടത്തിൽ കയറി ഒളിക്കുകയായിരുന്നു.