‘ഗാനമുറങ്ങി കാവ്യമുറങ്ങി പാഴിരുള്‍ പാതയില്‍ നാം ബാക്കിയായി…നാദമുറങ്ങി താളമുറങ്ങി സാഗരസങ്കടം തേങ്ങി മയങ്ങി….’സംഗീതധാരയില്‍ നനഞ്ഞു മറഞ്ഞ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് സംഗീതാഞ്ജലിയുമായി ഗാനരചയിതാവ് രാജീവ് ഗോവിന്ദന് പുറത്തിറക്കിയ അഞ്ജലി പ്രാണാഞ്ജലി സംഗീത ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.
രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സംഗീതം. ഹരിചരണാണ് ആലാപനം. എസ്.പിയുടെ മരണത്തോടെ നിശബ്ദമായ സംഗീതലോകത്തെയാണ് പാട്ടിലൂടെ ആവിഷ്ക്കരിക്കുന്നത്. എസ്പിബിയുടെ പാട്ടും പറച്ചിലുമൊക്കൊയി ആ ഓര്‍മകളിലേക്കും ആല്‍ബം ആസ്വാദകരെ കൂട്ടികൊണ്ടുപോകുന്നുണ്ട്.
എസ്പിബിയുടെ ഓര്‍മകളെ പാട്ടിലൂടെ അവതരിപ്പിക്കുമ്പോഴാണ് അതിന്റെ പൂര്‍ണതയില്‍ എത്തുന്നതെന്ന് ചിന്തിച്ചപ്പോഴാണ് ഇത്തരമൊരു ആല്‍ബം തയാറാക്കിയതെന്ന് ഗാനരചയിതാവ് രാജീവ് ഗോവിന്ദന് പറഞ്ഞു.
വാട്ടര്‍ബൗണ്ട് മീഡിയയിലൂടെ അവതരിപ്പിക്കുന്ന അഞ്ജലി പ്രാണാഞ്ജലി കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദന് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
മഗേഷ് കൊല്ലരി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം അനു ശേര്ഷയും ചിത്രസംയോജനം നജികേദ് എന്‍. വായ്ക്കരുമാണ് നിര്‍വഹിച്ചത്. രാജീവ് ഗോവിന്ദന് തന്നെയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചയിതാവാണ് രാജീവ് ഗോവിന്ദന്.