സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. സ്വപ്നയ്ക്കെതിരേ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസ് 60 ദിവസം പിന്നിട്ടതിനാല്‍ സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നിരുന്നാലും എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനാവില്ല. സ്വര്‍ണക്കടത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കസ്റ്റംസ് ആയിരുന്നു.
നേരത്തെ രണ്ട് തവണ സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. 17 പ്രതികളില്‍ ഇതുവരെ പത്ത് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് സ്വപ്നയുള്ളത്.
എന്‍ഫോഴ്സ്മെന്റും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍കംടാക്സും അന്വേഷണം നടത്തുന്നുണ്ട്. അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
എഫ്ഐആറിലെ സൂചിപ്പിച്ച കാര്യങ്ങളില്‍ അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും. കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
60 ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്.
തെളിവുകള്‍ എത്രയും പെട്ടെന്നു തന്നെ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളില്‍ പലരും ജാമ്യത്തില്‍ പോകുമെന്നുറപ്പാണ്.
ഇത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നതിനാല്‍ അടിയന്തിരമായി തെളിവുകള്‍ ഹാജരാക്കേണ്ട ബാധ്യതയിലാണ് എന്‍ഐഎ.