ഷെല്മോന് പൈനാടത്ത്
പെരുമ്പടവ്: കോവിഡ് കാലത്ത് വെറുതേയിരുന്നു സമയം കളയാതെ തന്റെ കഴിവുകള്‍ പുതുക്കിയെടുത്ത് വിസ്മയം തീര്‍ക്കുകയാണ് മാതമംഗലത്തിന് സമീപം ചെറുവച്ചേരിയിലെ കെ.പി.ജ്യോതിസ്.
യുപി സ്കൂള്‍ പഠനകാലത്ത് ചിത്രരചനയില്‍ മികവു പുലര്‍ത്തിയിരുന്നെങ്കിലും പിന്നീട് എന്തുകൊണ്ടോ ഇതില്‍നിന്നു പിന്മാറി. ഇപ്പോള്‍ ബിഎസ്സി ഇലക്ട്രോണിക്സ് പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്ത്
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുകയും വെറുതേ ഇരിക്കേണ്ട സാഹചര്യം വരികയും ചെയ്തപ്പോഴാണ് ചിത്രരചനയുമായി രംഗത്തെത്തിയത്.
ആദ്യം കൈകള്‍കൊണ്ടും പിന്നീട് രണ്ടു കൈകളും ഇരുകാലുകളുംകൊണ്ടും ഒരേസമയം ചിത്രം വരയ്ക്കാന്‍ തുടങ്ങിയ ജ്യോതിസ് ഇതു വിജയകരമായതോടെ വായ് കൊണ്ടും ചിത്രം വരയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
ഇപ്പോള്‍ രണ്ടു കൈകള്‍കൊണ്ടും രണ്ടു കാലുകള്‍കൊണ്ടും വായ് കൊണ്ടും ഒരേസമയം അഞ്ച് ചിത്രങ്ങൾ പൂര്‍ത്തീകരിക്കാൻ ജ്യോതിസിനാകും. ഇതിന് ആകെ ഒന്നര മണിക്കൂര്‍ സമയം മാത്രം മതി.
അഞ്ചാളുകളുടെ ചിത്രങ്ങള്‍ ഒരേസമയം വരച്ചെടുക്കുന്ന ജ്യോതിസ് ഒരാളുടെതന്നെ അഞ്ചു ഭാവങ്ങളും കൈകാലുകള്‍കൊണ്ട് വരയ്ക്കുന്നു. കൈകാലുകളുടെ ചൂണ്ടുവിരലുകളുടെയും പെരുവിരലുകളുടെയും ഇടയില്‍ മാര്‍ക്കര്‍ പേന തിരുകിവച്ചാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.
ഒരു കൈകൊണ്ട് ഒരു പേപ്പറില്‍ കണ്ണു വരച്ചാല്‍ അടുത്ത പേപ്പറില്‍ അടുത്ത കൈകൊണ്ട് കണ്ണു വരയ്ക്കും. തുടര്‍ന്ന് ഓരോ കാലുകൊണ്ടും ഇതു തുടരുന്നു. അതിനുശേഷം വായ്കൊണ്ടും വരയ്ക്കും. ഇങ്ങനെ ഒന്നര മണിക്കൂര്‍കൊണ്ട് അഞ്ചു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും.
സിനിമാരംഗത്തെ ഒട്ടുമിക്ക പ്രമുഖരുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതു പോസ്റ്റ് ചെയ്യുന്നത് താരങ്ങള്‍ ഷെയര്‍ ചെയ്യുകയും ചിത്രങ്ങള്‍ വരച്ചുകൊടുക്കാന്‍ ജ്യോതിസിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ജ്യോതിസിന്റെ കഴിവുകള്‍ കേട്ടറിഞ്ഞും കണ്ടറിഞ്ഞും നിരവധി ആളുകളാണ് ഫോട്ടോകള്‍ വരച്ചുകൊടുക്കാനായി ആവശ്യപ്പെടുന്നത്. ഫോട്ടോ വരയ്ക്കുന്നത് ചെലവേറിയതാണെങ്കിലും നല്ലൊരു തൊഴിലായി സ്വീകരിക്കാന്‍ ജ്യോതിസ് താത്പര്യപ്പെടുന്നു.
ഓട്ടോറിക്ഷാ തൊഴിലാളിയായ അച്ഛന് ബാലകൃഷ്ണനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിദ്യയുമാണ് ആവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്തുകൊടുക്കുന്നത്.