പത്തനാപുരം: പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആദിത്യയുടെ കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങുന്നു.മാങ്കോട് അംബേദ്കര്‍ ഗ്രാമത്തില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാജീവ് -സിന്ധു ദമ്പതികളുടെ മൂത്ത മകളായിരുന്നു പത്ത് വയസുകാരിയായ ആദിത്യ.
അടച്ചുറപ്പില്ലാത്തതും നിറയെ പൊത്തുകളുള്ളതുമായ വീട്ടില്‍ മനുഷ്യനേക്കാള്‍ വാസയോഗ്യം പാമ്പുകളുള്‍പ്പെടെയുള്ള ഉരഗങ്ങള്ക്കാണ്. ഈ പൊത്തുകളൊന്നില് നിന്നാകാം ആദിത്യയുടെ ജീവന് കവര്‍ന്ന പാമ്പും ഇഴഞ്ഞെത്തിയത്.
വെറും നിലത്ത് കിടന്നുറങ്ങിയിരുന്ന രണ്ട് മക്കളിലൊരാള്‍ ഇനിയില്ലെന്ന മാതാപിതാക്കളുടെ നൊമ്പരമുണങ്ങും മുന്‍പ് ആശ്വാസവും കരുതലുമായി നിരവധി വ്യക്തികളും സംഘടനകളുമൊക്കെ എത്തുന്നുണ്ട്.
വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും; ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ മരണം താങ്ങാനാവാതെ കുടുംബവും നാടും….
കുടുംബത്തിന് സുരക്ഷിതമായി ജീവിക്കാന്‍ വീട് വച്ച് നല്‍കുമെന്ന വാഗ്ദാനവുമായി സിപിഎമ്മും രംഗത്തെത്തി. സിപിഎം ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മാങ്കോട് ബ്രാഞ്ച് കമ്മിറ്റിയാകും വീട് നിര്‍മ്മിച്ചു നല്‍കുകയെന്ന് ഏരിയാ കമ്മിറ്റിയംഗം വാഴപ്പാറ ഷാജി പറഞ്ഞു.
ശനിയാഴ്ച്ച രാവിലെയാണ് ആദിത്യയ്ക്ക് പാമ്പ് കടിയേറ്റതായി മനസിലാക്കുന്നത്. തുടര്‍ന്ന് പത്തനാപുരം, അടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും ഞായറാഴ്ച്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.