ബിജു ഇത്തിത്തറ
കടുത്തുരുത്തി: എന്തെങ്കിലും ഒരു പണിയുണ്ടായിരുന്നെങ്കിൽ കുട്ടികളെയെങ്കിലും വളർത്താമായിരുന്നു. കടുത്തുരുത്തി ആയാംകുടി കളപ്പുരപറന്പിൽ വീട്ടലെ ശാരീരിക ന്യൂനതകളുള്ള ദന്പതികളായ രാജനും സ്നോമയുമാണ് കുടുംബം പുലർത്താനും മക്കളെ വളർത്താനും ഒരു തൊഴിൽ തേടി അലയുന്നത്.
മൂന്നാം വയസിൽ പോളിയോ ബാധിച്ചു വലതു കാലിന് ചലനശേഷി നഷ്ടപ്പെട്ട രാജൻ (53) പത്ത് വർഷം മുന്പാണ് വൈക്കം ചെമ്മനാകരി സ്വദേശിനിയായ സ്നോമ (45) യെ ജീവിതപങ്കാളിയാക്കിയത്.
ഒന്നര വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ചു സ്നോമയുടെ ഇരുകാലുകളും തളർന്നു പോയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ലഭിച്ച കന്പി കെട്ടിയുണ്ടാക്കിയ ലെതറിന്റെ പ്രത്യേകതരം ചെരിപ്പിന്റെ സഹായത്താൽ സ്ട്രെക്ച്ചർ ഉപയോഗിച്ചാണ് സ്നോമയുടെ നടത്തം.
ബിഎസ്സി സുവോളജി ബിരുദധാരിയായ സ്നോമ പിജിഡിസിഎ കന്പ്യൂട്ടർ കോഴ്സും പാസായിട്ടുണ്ട്. 50 ശതമാനത്തിലധികം ചലന വൈകല്യമുള്ള ആളാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും സ്നോമയ്ക്കുണ്ട്. നിരവധി പിഎസ്സി പരീക്ഷകൾ എഴുതിയെങ്കിലും സ്നോമയ്ക്ക് ജോലി നേടാനായില്ല.
വിവാഹത്തിനു മുന്പ് 2006-07 വർഷത്തിൽ എംജി യൂണിവേഴ്സിറ്റിയിൽ ഒരു വർഷത്തോളം എംപ്ലോയ്മെന്റിൽ നിന്നും താൽകാലിക ജീവനക്കാരിയായി കിട്ടിയ നിയമനം മാത്രമാണ് സ്നോമയ്ക്ക് ലഭിച്ച ഏക തൊഴിൽ.
ഭർത്താവ് രാജൻ ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. കോവിഡ് വന്നതോടെ ചെറിയ തൊഴിലുകളും ഇല്ലാതായതോടെ കുടുംബം ശരിക്കും പ്രതിസന്ധിയിലാണ്.
ശാരീരിക വൈകല്യമുള്ള രാജൻ ജില്ലാ പഞ്ചായത്തിൽനിന്നും ലഭിച്ച മുചക്ര വാഹനത്തിൽ ലോട്ടറി കച്ചവടം തുടങ്ങിയെങ്കിലും ആസ്മ രോഗം മൂലം അതു തുടർന്ന് കൊണ്ടുപോകാനായില്ല. ഇതോടെ കുടുംബത്തിന്റെ വരുമാനം പൂർണമായും നിലച്ചു.
പട്ടികജാതി വിഭാഗത്തിൽപെട്ട ഇവർക്ക് ആകെയുള്ള മൂന്നു സെന്റിൽ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടിന്റെ നിർമാണവും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. വികലാംഗ പെൻഷൻ മാത്രമാണ് കുടുംബത്തിന്റെ ഏക വരുമാനം.
ആപ്പാഞ്ചിറ ഹരിജൻ വെൽഫെയർ സ്കൂളിലെ മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന ആർജവും കൗശിക്കുമാണ് ഇവരുടെ മക്കൾ. ചെറിയ വരുമാനം കിട്ടുന്ന എന്തെങ്കിലും ജോലി ലഭ്യമാക്കാൻ സർക്കാരോ സന്നദ്ധ സംഘടനകളോ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം.