സൂപ്പർമാർക്കറ്റുകളിലെ വലിയ ഷെൽഫുകൾ ശ്രദ്ധിച്ചിട്ടില്ലേ? പലതും വളരെ വലിയ ഉയരത്തിലായിരിക്കും ക്രമീകരിച്ചിട്ടുള്ളത്.
അവ മറിഞ്ഞുവീണാലുള്ള അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനൊരു അപകടം സംഭവിച്ചിരിക്കുകയാണ് ബ്രസീലിൽ.
വടക്കൻ ബ്രസീലിലെ സാവോ ലൂയിസിലെ മാറ്റിയസ് അറ്റാകാരെജോ മിക്സ് സൂപ്പർമാർക്കറ്റിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഷെൽഫ് സ്റ്റാക്കറായ ( ഷെൽഫിൽ സാധനങ്ങൾ അടുക്കി വയ്ക്കുന്നയാൾ) എലെയ്ൻ ഡി ഒലിവേര റോഡ്രിഗസ് എന്ന ഇരുപത്തിയൊന്നുകാരിക്ക് ജീവനക്കാരിക്ക് ജീവൻ നഷ്ടപ്പെട്ടു.
മൂന്നു മാസം മുന്പാണ് എലെയ്ൻ ജോലിക്ക് ചേർന്നത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
രാത്രി 8:15 ഓടെയാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. ഷെൽഫുകൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടതോടെ ആളുകളും ജീവനക്കാരും ഒാടുന്നത് വീഡിയോയിൽ കാണാം.
നിമിഷനേരം കൊണ്ട് വലിയ ഷെൽഫ് നിലംപൊത്തി. വൈകാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ എലെയ്ൻ മാത്രമാണ് ജീവൻ നഷ്ടപ്പെട്ടത്. എലെയ്ൻ ഷെൽഫുകളിൽ സാധനങ്ങൾ അടുക്കി വയ്ക്കുകയായിരുന്നു.
ജീവനക്കാരും ഉപഭോക്താക്കളുമടക്കം ആറു പേർക്ക് പരിക്കേറ്റു. ഒരു ചെറിയ കുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ചുമന്നുകൊണ്ടുപോകുന്നത് ഒരാളെയും വീഡിയോയിൽ കാണാം.
11 മണിക്കൂറിലധികം രക്ഷാപ്രവർത്തനം നീണ്ടുനിന്നു. അപകടത്തിന്റെ യഥാർത കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.