പയ്യന്നൂര്‍: നഴ്സിനെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം.
തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായി നഴ്സിന്റെ മാതാപിതാക്കളില്‍നിന്ന് അടുത്ത ദിവസം മൊഴിരേഖപ്പെടുത്തും.
പയ്യന്നൂരിലെ ആശുപത്രിയിലെ നഴ്സും കാനായി കാനത്തെ സതീശന്റെയും രാധയുടെയും മകളായ കെ.എസ്. അനുമോളെ ( 23) യാണ് ഈ മാസം ഒന്നിന് രാവിലെ കേളോത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നൂര്‍ സ്വദേശി അശ്വിനുമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 30ന് കാലിക്കടവിലെ ഒരു ക്ഷേത്രത്തിലാണ് നടന്നിരുന്നത്.
ഭര്‍തൃഗൃഹത്തിലും ഭാര്യാഗൃഹത്തിലുമായി കഴിഞ്ഞുവന്ന ഇവര്‍ രണ്ടുമാസം മുമ്പാണ് കേളോത്തെ വാടക ക്വാര്‍ട്ടേസിലേക്ക് താമസം മാറ്റിയത്.
സംഭവ ദിവസം രാത്രിയില്‍ അശ്വിന് ഇല്ലാതിരുന്നതിനാല്‍ അനുമോള്‍ ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു. രാവിലെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കുമ്പോഴാണ്
അനുമോള്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടതെന്നും ഉടന്‍ അശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലുംജീവന് രക്ഷിക്കാനായില്ലെന്നുമാണ് അശ്വിന് നല്കിയ മൊഴി. മരണത്തെപ്പറ്റി അന്വേഷണം നടത്തിയ പയ്യന്നൂര്‍ പോലീസ് ഭര്‍ത്താവ് അശ്വിനെതിരെ സ്ത്രീധനപീഡന കുറ്റത്തിന് കേസെടുത്തിരുന്നു.
വിവാഹശേഷം മാസങ്ങളുടെ ഇടവേളകള്‍ക്കിടയിലെ മരണമായതിനാല്‍ തുടരന്വേഷണം തളിപ്പറമ്പ് ഡിവൈഎസ്പിയെ എല്പ്പിക്കുകയായിരുന്നു.