പത്തനംതിട്ട: സംസ്ഥാനത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അനുമതി സ്വകാര്യ ലാബോറട്ടറികള്ക്കു മാത്രം.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തുന്ന പരിശോധനകളില്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല.പൊതുസംവിധാനത്തിലൂടെ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സൗകര്യമില്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി.
സ്വകാര്യ ലാബുകളില്‍ ആന്റിജന്‍ പരിശോധനയ്ക്ക് 625, ട്രൂനാറ്റ് 1500, ആര്‍ടിപിസിആര്‍ 2250 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള നിരക്ക്.
വിദേശത്തേക്കും സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അനിവാര്യമായ സാഹചര്യത്തില്‍ സ്വകാര്യലാബുകളെ ആശ്രയിക്കാതെ തരമില്ലെന്ന സ്ഥിതിയാണിപ്പോള്‍.
സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായി പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കു വേണ്ടിയുള്ള പരിശോധന സാധ്യമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പോലും സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യവും നിലവിലുണ്ട്. എന്നാല്‍ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന ഇത്തരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നാണ് പറയുന്നത്.