കിഴക്കമ്പലം: അനധികൃത മണ്ണെടുപ്പിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടിഞ്ഞു തകര്‍ന്ന വെമ്പിള്ളി എല്‍പി സ്കൂള്‍ കോഴിമല റോഡ് ഉടൻ പുതുക്കിപ്പണിയുമെന്ന കുന്നത്തുനാട് പഞ്ചായത്തിന്റെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയതായി നാട്ടുകാര്‍.
തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ഇടിഞ്ഞ റോഡ് പുനർനിർമിക്കാമെന്ന വാഗ്ദാനവുമായി പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
നിരവധി തവണ ഈ റോഡ് പുനര്‍നിര്‍മിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവിടെയൊരു റോഡ് ഉണ്ടായിരുന്നുവെന്ന ഭാവം പോലും പഞ്ചായത്ത് അധികൃതര്‍ക്ക് ഇല്ല. തകര്‍ന്നടിഞ്ഞ റോഡിന്റെ ഭാഗം കാടുകയറിയ നിലയിലാണ്.
കോഴിമല ഭാഗത്തുനിന്നു വെമ്പിള്ളി എല്‍പി സ്കൂളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണ് മണ്ണെടുത്ത് പോയത്.
റോഡിനു സമീപത്തായി സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്കുമുന്‍പ് ആഴത്തില്‍ മണ്ണെടുത്തതിനെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞുപോയതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഈ റോഡിലൂടെ കാല്‍നടയാത്രപോലും സാധ്യമല്ലാത്ത തരത്തിലാണ് മണ്ണിടിച്ചില്‍.
ഇതു മൂലം 4 കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. റോഡ് വിണ്ടു കീറി ഏതു നേരത്തും ഇനിയും ഇടിയാമെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍.
കൂടാതെ ഇതിനു സമീപത്തായി ഒട്ടേറേ ഇടങ്ങളിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. അപകടസൂചനകള്‍ പോലും നല്കാന് സംവിധാനം അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടില്ല.