ആലുവ: റിമാൻഡിലാകുന്ന പ്രതികളെ നിരീക്ഷണത്തിനായി കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റുന്പോൾ കാവൽ നിൽക്കുന്ന പോലീസുകാർക്ക് ഡ്യൂട്ടി തലവേദനയാകുന്നു.
കോവിഡ് സെന്ററുകളിൽനിന്ന് പ്രതികൾ കണ്ണുവെട്ടിച്ച് കടന്നു കളയുന്നത് പതിവാക്കുകയാണ്.
ഇത്തരത്തിൽ മൂന്നുവട്ടം കടന്നു കളഞ്ഞ ഡ്രാക്കുള സുരേഷ് എന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടാനായെങ്കിലും പോക്സോ കേസിലെ പ്രതി മുത്തുവെന്ന പത്തൊമ്പതുകാരനെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പോസറ്റീവായിരുന്നു.
അങ്കമാലി കറുകുറ്റി കാർമൽ ധ്യാനകേന്ദ്രം കെയർ സെന്റർ, നെടുമ്പാശേരി സിയാൽ സെന്റർ എന്നിവിടങ്ങളാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന പ്രധാന കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകൾ.
എന്നാൽ, കോവിഡ് ബാധിതരായ റിമാൻഡ് പ്രതികളെ ചികിത്സിക്കുന്നതിനായി പ്രത്യേക സി.എഫ്എൽടിസി ആരംഭിക്കണമെന്നാണ് പോലീസിന്റെ ആവശ്യം.
ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി കളക്ടർക്ക് നിവേദനം നൽകിയിരിക്കുകയാണ്. വിശാലമായ ഹാളിൽ സാധാരണ രോഗികൾക്കൊപ്പം തന്നെയാണ് റിമാൻഡ് പ്രതികളെയും ചികിത്സിക്കുന്നത്.
നൂറു മീറ്റർ അകലെയുള്ള പ്രവേശന കവാടത്തിലാണ് പ്രതികളുടെ സുരക്ഷാ ചുമതലയുള്ള പോലീസിനെ കാവൽ നിർത്തിയിരിക്കുന്നത്. അതിനാൽ ഒന്നിലധികം വാതിലുകളുള്ള ചികിത്സ കേന്ദ്രങ്ങളിൽനിന്നും പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ചികിത്സ സെന്ററിലെ ആരോഗ്യ പ്രവർത്തകരിൽനിന്നാണ് റിമാൻഡ് പ്രതികളെ സംബന്ധിച്ച വിവരങ്ങൾ ചുമതലയുള്ള പോലീസുകാർ തിരക്കുന്നത്.
പ്രതികൾ കടന്നു കളഞ്ഞ് മണിക്കുറുകൾ കഴിഞ്ഞാൽ മാത്രമേ ഡ്യൂട്ടിയിലുള്ള പോലീസുകാർ അറിയാറുള്ളൂ. ട്രീറ്റ്മെന്റ് സെന്ററിൽ സാധാരണ ഡ്യൂട്ടിയുള്ള മൂന്ന് പോലീസുകാർക്ക് പുറമെ റിമാൻഡിലുള്ള റൂറൽ ജില്ലയിലെ ഓരോ രോഗികൾക്കും സുരക്ഷക്കായി രണ്ട് വീതം പൊലീസുകാരുണ്ട്. സിറ്റിയിൽനിന്നും ഒരു പ്രതിക്ക് ഒരു പോലീസുമാണ് സുരക്ഷക്കുള്ളത്.
കളമശേരി മെഡിക്കൽ കോളജിന് സമീപം ന്യൂവാത്സിൽ റിമാൻഡ് പ്രതികൾക്കും രോഗബാധിതരാകുന്ന പോലീസുകാർക്കും ചികിത്സ സൗകര്യമൊരുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.