മുക്കം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് യുവാക്കളെ മുക്കം പോലിസ് പിടികൂടി.
പെൺകുട്ടിയുടെ സുഹൃത്തായ മണാശേരി സ്വദേശി മിഥുൻ രാജ്, ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ്, കുറ്റിപ്പാല സ്വദേശി ജോബിൻ രാജ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാരശേരി പഞ്ചായത്തിലെ വലിയപറമ്പ് സ്വദേശിനിയായ പെൺകുട്ടി മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കർണാടക- തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ് കോളനി സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു.
ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശേരി സ്വദേശി മിഥുൻ രാജിന്റെ സഹായം തേടുകയായിരുന്നു. ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻ പെൺകുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശേരിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ശേഷം മിഥുൻ മറ്റു മൂന്ന് കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ധരണിയുടെ അടുത്തെത്തിച്ച് മടങ്ങി പോരുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ കാണാനില്ലെന്ന് പറഞ്ഞ് മുക്കം പോലീസിൽ പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി ഹുസൂരിലെത്തിയതായി മനസിലാക്കിയ മുക്കം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു.
മുക്കം ഇൻസ്പെക്ടർ ബി.കെ. സിജുവിന്റെ നിർദേശ പ്രകാരം എഎസ്ഐ സലിം മുട്ടാത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹുസൂരിലേക്ക് പോയത്.
ക്വട്ടേഷൻ സംഘം വിളയാടുന്ന കാമരാജ് കോളനിയിൽ നിന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്.