സ്വന്തം ലേഖനകന്
കൊണ്ടോട്ടി: കെട്ടിടങ്ങളില്‍ ഗ്ലാസുകള്‍ കൊണ്ടുളള വാതിലുകളും ചുമരുകളും നിര്‍മിക്കുമ്പോള്‍ സമീപത്ത് തന്നെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചില്ലെങ്കില്‍ ഇനി മുതല്‍ തദ്ദേശ അനുമതിപത്രം ലഭിക്കില്ല.
തദ്ദശ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങുന്ന കെട്ടിടങ്ങള്‍ക്ക് നിലവിലെ ചട്ടങ്ങള്‍ക്ക് പുറമെയാണ് ഇനി മുതല്‍ ഗ്ലാസ് വാതിലുകള്‍ക്കും ചുമരുകള്‍ക്കും മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബന്ധമാക്കുന്നത്.
പെരുമ്പാവൂരില്‍ കഴിഞ്ഞ ജൂലൈയില്‍ ബാങ്കിലെത്തിയ വീട്ടമ്മ ബാങ്കിലെ ചില്ലുവാതിലില്‍ ഇടിച്ച് വയറില്‍ ചില്ല് കഷ്ണം തുളച്ച് കയറി മരിച്ചിരുന്നു.
ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കെട്ടിടങ്ങളില്‍ ഗ്ലാസ് ചുമരുകള്‍ക്കും വാതിലുകള്‍ക്കും മുന്നറിയിപ്പ് ബോര്‍ഡ് നിര്‍ബന്ധമാക്കുന്നത്.
കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്ന ചില്ല് പ്രതലങ്ങള്‍ ഇവിടെ എത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ അറിയിപ്പുകളും സന്ദേശങ്ങള്‍ സൂചികകളും ഉള്‍ക്കൊളളിച്ച സ്റ്റിക്കര്‍ പതിക്കണം.
ഏത് ദിശയിലേക്കാണ് ചില്ലുവാതില്‍ തുറക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയില്‍ വാതിലില്‍ മതിയായ വലുപ്പത്തില്‍ രേഖപ്പെടുത്തുകയും വേണം.
ഉയരം കൂടിയ ചില്ലുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.വാതിലുകളും ചുമരുകളും ഉപയോഗിക്കുന്ന ഗ്ലാസുകള്‍ രൂപകല്‍പ്പനയിലും ഗുണനിലവാരത്തിലും ഉയര്ന്നവയായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ദൃഡമായതും അപകടത്തില്‍ വലിയ പരിക്കേല്ക്കാത്തതുമായ ഗ്ലാസുകളാണ് ഇത്തരം വാതിലുകള്‍ക്കും ചുമരുകള്‍ക്കും ഉപയോഗിക്കേണ്ടത്.