മുക്കം: ആകെ കൈയിലുള്ളത് 10 സെന്റ് ഭൂമി. അതാണങ്കിൽ വയലും. വയൽ നികത്താൻ തയാറല്ല. വീട് നിർമിക്കുകയും വേണം. പിന്നെ എന്ത് ചെയ്യും?
പരിസ്ഥിതി സ്നേഹിയായ മുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് തച്ചോലത്ത് ഗോപാലൻ എന്ന മനുഷ്യൻ പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഭൂമിയിൽ ഒരു കുളം കുത്തി അതിൽ വീടങ്ങ് വച്ചു.
അച്ഛൻ തന്ന പത്ത് സെന്റ് വയലിൽ വീടു വയ്ക്കേണ്ടി വന്നപ്പോൾ വയൽ മണ്ണിട്ടു നികത്തി വീടുവയ്ക്കാൻ തന്നെക്കൊണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞ ഈ മനുഷ്യൻ കുളം കുത്തി, അതിന് മുകളിൽ കോൺക്രീറ്റ് കാലുകൾ പിടിപ്പിച്ച് , സ്ലാബുകൾ വച്ച് , മൺകട്ടകൾ കൊണ്ടൊരു വീടുണ്ടാക്കി.
വീടിനു ചുറ്റും മുളകളും മാവുകളും അമ്പഴവും മറ്റും നട്ടു പിടിപ്പിച്ചു. ഗോപാലേട്ടനും കുടുംബവും എട്ടുവർഷമായി പശുക്കളേയും വളർത്തുന്നുണ്ട്. നിലവിൽ നാല് വെച്ചൂർ പശുക്കളുണ്ട്. ഗർഭധാരണം കഴിഞ്ഞ് കുഞ്ഞുണ്ടായാലും , അവയുടെ പാലൊന്നും ഈ കുടുംബത്തിനു വേണ്ട .
അതെല്ലാം പശുക്കിടാങ്ങൾക്ക് ഉള്ളതാണ്. എന്നാൽ , പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് ചില ജൈവവളങ്ങൾ നിർമിക്കാറുണ്ട് ഗോപാലേട്ടൻ.
ജീവാമൃതമെന്ന ഈ വളം ഉണ്ടാക്കാൻ ചിലവധികമില്ലാത്തതിനാൽ സീറോ ബഡ്ജറ്റ് ഫാർമിംഗ് എന്നാണ് ഈ രീതി പൊതുവെ അറിയപ്പെടുന്നത്.
ഇത്തരത്തിൽ കൃഷി ചെയ്താൽ , നല്ല വിളവും ലഭിക്കും . മാത്രമല്ല ആരോഗ്യകരവും രുചികരവുമായ ഭക്ഷണവും കഴിക്കാം എന്നതാണ് ഗോപാലേട്ടന്റെ പക്ഷം.
നെല്ല് കൂടാതെ വാഴ, ചേന , ചേമ്പ് , ഇഞ്ചി , മഞ്ഞൾ , പയർ , വെണ്ട , വഴുതിന , കുമ്പളം , മത്തൻ തുടങ്ങി ഒട്ടനവധി കൃഷികളുണ്ട് ഗോപാലേട്ടന് . ഇടവിളയായി ഔഷധസസ്യങ്ങൾ വേറെയും.
ഒരു നക്ഷത്ര വനം തന്നെയാണ് ഇപ്പോൾ ഗോപാലേട്ടന്റെ ലക്ഷ്യം .അതിനും തുടക്കമിട്ടു കഴിഞ്ഞു. ഇതോടൊപ്പം തോടും പാടവും കാവും കുളവും വീടും സമന്വയിപ്പിച്ച് ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുവാനും പുതിയ കാവുകൾ ഉണ്ടാക്കാനുമാണ് ഗോപാലേട്ടൻ ആഗ്രഹിക്കുന്നത്.
പ്രകൃതിയുടെ നിയോഗങ്ങൾ ഒരിക്കലും മനുഷ്യന് വായിക്കാൻ കഴിയില്ല. ഈ കോവിഡ് കാലത്ത് ഗോപാലേട്ടന് നമ്മോട് പറയാനുള്ളതും ഇതു തന്നെയാണ് .
മുക്കം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്നപ്പോഴും ഏറെ വ്യത്യസ്തനായിരുന്നു ഗോപാലേട്ടൻ.
രാത്രി പത്ത് വരെ മുക്കം അങ്ങാടിയും പരിസരവും ഒറ്റയ്ക്ക് ശുചീകരിച്ചും മാതൃക കാണിച്ച വ്യക്തിത്വം. ലളിത ജീവിതത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ .