കോഴിക്കോട്: റാംമോഹന് റോഡിലെ ചിന്താവളപ്പ് പോലീസ് ക്വാര്‍ട്ടേഴ്സ് കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററാക്കാന്‍ തീരുമാനം. സിറ്റിയിലെ പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനമെടുത്തത്.
നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നാല് ബ്ലോക്കുകളുള്ള ക്വാര്‍ട്ടേഴ്സ് കെട്ടിടം ഇതുവരേയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം കണക്കിലെടുത്ത് പോലീസുകാര്‍ക്ക് സൗകര്യമൊരുക്കുന്നത്.
എഫ്എല്ടിസിയ്ക്ക് പുറമേ ക്വാറന്റൈന് കേന്ദ്രമായും ഉപയോഗിക്കാനുള്ള സൗകര്യം ഇതിനകം ഒരുക്കിയിട്ടുണ്ട്. പോലീസ് അസോസിയേഷന് മുന്‍കൈയെടുത്താണ് സൗകര്യമൊരുക്കിയത്.
24 കിടക്കകളാണിപ്പോള് ഒരുക്കിയത്. കൂടുതല്‍ പേരുണ്ടെങ്കില്‍ അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ കോഴിക്കോട് സിറ്റിയില്‍ വിവിധ യൂണിറ്റുകളിലായി 30 പോലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 150 ഓളം പേര് ക്വാറന്റൈനിലുമാണ്. എന്നാല്‍ ക്വാര്‍ട്ടേഴ്സിലേക്ക് ഇതുവരേയും ആരും മാറിയിട്ടില്ല.
2010 ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. കേരളാപോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.
പൊതുമരാമത്തിനെ ഏല്‍പ്പിക്കുമ്പോള്‍ ഉണ്ടാവുന്ന മെല്ലേപ്പോക്ക് ഒഴിവാക്കാനായി ആരംഭിച്ച പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ചുവപ്പുനാടയാണ് കാലതാമസത്തിന് വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.
ഏഴ് വര്‍ഷം കൊണ്ട് കെട്ടിട നിര്‍മാണം 2017ലായിരുന്നു പൂര്‍ത്തിയായത്. ഫയര്‍ എക്സ്റ്റിന്ഗ്വിഷര് ഇല്ലാത്തതിനാല്‍ അഗ്നിരക്ഷാ സേനയുടെ എന്‍ഒസി കെട്ടിടത്തിന് ലഭിച്ചില്ല. ഇക്കാരണത്താല്‍ കോര്പറേഷന് കെട്ടിട നമ്പറും അനുവദിച്ചില്ല.
ഇതേതുടര്‍ന്ന് കെഎസ്ഇബി ഇലക്ട്രിക് കണക്ഷനും അനുവദിച്ചിരുന്നില്ല. ഇതോടെ കെട്ടിടം അനാഥമായി കിടക്കുകയായിരുന്നു. ഈ നടപടികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്.