വൈക്കം: ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങി സംസ്കരിക്കാനോ ഡിഎൻഎ ഫലം മുഖവിലയ്ക്കെടുക്കാനോ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും.
ഡിഎൻഎ ടെസ്റ്റ് വീണ്ടും നടത്താനും ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ട് ഉടൻ ലഭ്യമാക്കാനും ഹൈക്കോടതിയെ സമീപിക്കുമെന്നും ജിഷ്ണുവിന്റെ പിതാവ് ഹരിദാസ് പറഞ്ഞു.
മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം 23 കാരന്റേതല്ലെന്നും കാലപ്പഴക്കമേറെയുള്ളതുമാണെന്ന സംശയമുന്നയിച്ചു ഡിഎൻഎ പരിശോധനയ്ക്കു ശിപാർശ ചെയ്തത് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനലാണ്.
മൃതദേഹാവശിഷ്ടം കണ്ടെടുത്ത സ്ഥലത്തുനിന്നു രണ്ടു ഫോണുകൾ കണ്ടെടുത്തെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഒരു ഫോൺ മാത്രമാണ് ലഭിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം.
ജിഷ്ണുവിന്റെ മൂന്നരപവനോളം വരുന്ന മാല മൃതദേഹാവശിഷ്ടത്തിൽനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹാവശിഷ്ടത്തിലെ തലയോട്ടിയിൽ വലതു ഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു.
ഇതൊക്ക ദുരൂഹത വർധിപ്പിച്ചിട്ടും ആ വഴിക്കൊന്നും അന്വേഷണം നടന്നില്ലെന്നു ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.
ജിഷ്ണുവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലാത്തതിനാൽ ജിഷ്ണു കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ കരുതുന്നു.
നാലു മാസമായിട്ടും സൈബർ സെല്ലിൽനിന്ന് ഫോണിന്റെ വിശദാംശങ്ങൾ ലഭിക്കാത്തത് കേസന്വേഷണത്തെയും പിന്നോട്ടടിച്ചിരിക്കുകയാണ്.
യുവാവിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കാൻ നിർധനാവസ്ഥയിലാണെങ്കിലും തങ്ങൾ ഏതറ്റം വരെയും പോകുമെന്ന് ജിഷ്ണുവിന്റെ പിതാവ് ഹരിദാസ് പറഞ്ഞു. കുമരകത്തെ ബാറിൽ കഴിഞ്ഞ രണ്ടു വർഷമായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ജിഷ്ണു.
ജിഷ്ണുവിനെ കാണാതായി നാലുമാസം കഴിഞ്ഞിട്ടും ബാറുടമ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നു മാതാപിതാക്കൾ ആരോപിച്ചു. ബാറിൽ ബുള്ളറ്റിൽ വന്നിരുന്ന ഒരാൾക്കും ബാർ മാനേജർക്കുമൊക്കെ ജിഷ്ണുവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
വീട്ടിൽ നേരത്തെ എത്താമെന്നു പറഞ്ഞു ജോലിക്കുപോയ യുവാവ് മടങ്ങി വരാത്തതിനു പിന്നിലെ ദുരൂഹത നീക്കാൻ സംശയിക്കപ്പെടുന്നവരുടെ പട്ടിക നൽകിയിട്ടും ഇക്കാര്യത്തിൽ പോലീസ് കാര്യമായ ഉത്സാഹം കാട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.