
കോട്ടയം: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമായിരിക്കെ പാലാ നിയമസഭാ സീറ്റിൽ നിലപാട് വ്യക്തമാക്കി എൻസിപി. പാലാ സീറ്റ് നൽകി വിട്ടുവീഴ്ചയ്ക്കില്ലെന്നു മാണി സി. കാപ്പൻ എംഎൽഎ വ്യക്തമാക്കി.
രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാർത്ത നിഷേധിച്ച മാണി സി. കാപ്പൻ ആരുടെയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ലെന്നും പറഞ്ഞു. പൊരുതി നേടിയ പാലായെ കൈവിടില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.
ജോസ് കെ. മാണിയുടെ എൽഡിഎഫ് പ്രവേശനത്തിനു വഴിതെളിഞ്ഞതോടെയാണു മാണി സി. കാപ്പൻ നിലപാട് കടുപ്പിക്കുന്നത്. ജോസ് കെ. മാണിയെ എൽഡിഎഫിലെത്തിക്കാൻ പാലാ സീറ്റ് എൻസിപി വിട്ടുനൽകേണ്ടി വരും. ജോസ് കെ. മാണി രാജിവയ്ക്കുന്ന ഒഴിവിൽ കാപ്പനെ രാജ്യസഭയിലെത്തിക്കാമെന്നാണ് എൽഡിഎഫ് വാഗ്ദാനം.
പൂഞ്ഞാർ സീറ്റ് എൻസിപിക്കു നൽകാനും ആലോചനയുണ്ട്. പൂഞ്ഞാർ സീറ്റ് വാഗ്ദാനത്തിൽ വഴങ്ങേണ്ടതില്ലെന്നാണു മാണി സി. കാപ്പന്റെ നിലപാട്. കാപ്പൻ ഇടഞ്ഞു നിൽക്കുന്നത് എൽഡിഎഫിനു തലവേദനയാകും. ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് തോമസ് കെ. തോമസിനു നൽകാൻ ധാരണയായിട്ടുണ്ട്. ഭാവിയിൽ ഈ സീറ്റിൽ ജോസ് വിഭാഗം അവകാശ വാദമുന്നയിച്ചാൽ എതിർക്കാനാണ് എൻസിപിയിലെ ധാരണ.
ജോസ് കെ.മാണിയുടെ ഇടത് മുന്നണി പ്രവേശനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്നാണു സൂചന. എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ ഉൾപ്പെടെയുള്ളവരുമായുള്ള അന്തിമഘട്ട ചർച്ചകൾ ജോസ് കെ. മാണി പൂർത്തിയാക്കി. നിയമസഭ സീറ്റുകൾ സംബന്ധിച്ചും ഇതിൽ ഏകദേശ ധാരണയായി. കോട്ടയം ജില്ലയിൽ നാല് സീറ്റുകൾ ജോസ് പക്ഷത്തിന് ലഭിക്കുമെന്നാണു സൂചന.