കൊട്ടാരക്കര : പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടേയും സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടേയും പേരുകളിൽ
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് ചികിത്സക്കായി പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.
സോഷ്യൽ മീഡിയായിൽ നിന്ന് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും മറ്റും സംഘടിപ്പിച്ചാണ് തട്ടിപ്പുകാർ ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്.
കൊല്ലം റൂറൽ ജില്ലയിലും ഇത്തരത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരെങ്കിലും പണം ആവശ്യപ്പെട്ടു മെസേജ് ചെയ്താൽ നേരിട്ട് ബന്ധപ്പെട്ട് ബോധ്യപ്പെടാതെ ആർക്കും പണം നൽകരുത്.
യാതൊരു കാരണവശാലും തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്.
തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ, സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.
സോഷ്യൽ മീഡിയായിൽ വ്യാജ പ്രൊഫൈലുകൾ ശ്രദ്ധയിൽപെട്ടാൽ ഇത്തരം പ്രൊഫൈലുകൾക്കെതിരെ ഫെയിസ്ബുക്കിൽ അബ്യൂസ് റിപ്പോർട്ട് ചെയ്യുകയും കൊല്ലം റൂറൽ സൈബർസെല്ലിൽ ബന്ധപ്പെട്ട് പരാതികൾ അറിയിക്കുകയും ചെയ്യേണ്ടതാണ്. ഫോൺ : 9497980211